ന്യൂഡൽഹി: കോവിഡിന്റെ ഒമിക്രോൺ വകഭേദം ഇന്ത്യയിൽ സമൂഹ വ്യാപന ഘട്ടത്തിലാണെന്നും മെട്രോ നഗരങ്ങളിൽ ഇത് പ്രബലമാണെന്നും ഇൻസാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിൻ. വിവിധ സംസ്ഥാനങ്ങളിൽനിന്ന് വൈറസ് സാംപിളുകൾ ശേഖരിച്ച് അവയുടെ ജനിതക പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കൺസോർഷ്യമാമാണ് ഇൻസാകോഗ് (INSACOG-ഇന്ത്യൻ സാർസ് കോ വി-2 കൺസോർഷ്യം ഓഫ് ജീനോമിക്സ്).
ഒമിക്രോണിന്റെ സാംക്രമിക ഉപ വകഭേദമായ BA.2 ലൈനേജ് രാജ്യത്ത് ഗണ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും ബുള്ളറ്റിൻ പറയുന്നു. ഭൂരിഭാഗം ഒമിക്രോൺ കേസുകളും രോഗലക്ഷണങ്ങൾ ഇല്ലാത്തതോ സൗമ്യമായതോ ആണെങ്കിലും ഈ ഘട്ടത്തിൽ ആശുപത്രി പ്രവേശനവും ഐസിയു കേസുകളും വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേ സമയം ഒമിക്രോണിന്റെ ഭീഷണയിൽ മാറ്റമൊന്നും ഇതുവരെ പ്രകടമല്ലെന്നും വ്യക്തമാക്കുന്നുണ്ട്.
ഒമിക്രോൺ ഇപ്പോൾ ഇന്ത്യയിൽ സമൂഹവ്യാപനത്തിലാണ്. പുതിയ കേസുകൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒന്നിലധികം മെട്രോകളിൽ ഒമിക്രോൺ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട B.1.640.2 വകഭേദം നിരീക്ഷിച്ചുവരുന്നു. അതിവേഗം പടരുന്നതിന്റെ തെളിവുകളൊന്നുമില്ല, പ്രതിരോധശേഷിയെ മറികടക്കാനുള്ള സവിശേഷതകളുണ്ടെങ്കിലും, ഇത് നിലവിൽ ആശങ്കയുടെ വകഭേദമല്ല. ഇന്ത്യയിൽ ഇതുവരെ ഒരു കേസും കണ്ടെത്തിയിട്ടില്ല – ഇൻസാകോഗ് പറഞ്ഞു.