തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് കൊലക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍. ദിവസങ്ങളോളം പോലീസിനെ വട്ടംകറക്കിയ ഇയാളെ തിങ്കളാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്നാണ് പിടികൂടിയത്. കൃത്യം നടന്ന് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജേഷിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞത്. പോലീസ് സംഘം ഇയാളെ ഉടന്‍ കേരളത്തിലേക്ക് എത്തിക്കും.
ഒട്ടകം രാജേഷിനെ പലസ്ഥലത്തും കണ്ടെന്ന് അവകാശപ്പെട്ട് പോലീസിന് നേരത്തെ ലഭിച്ച സന്ദേശങ്ങളെല്ലാം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അത്തരത്തിലുള്ള തെറ്റായ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് തിരച്ചില്‍ നടത്താന്‍ പോയ പോലീസ് സംഘമാണ് ശനിയാഴ്ച അഞ്ചുതെങ്ങ് കായലില്‍ അപകടത്തില്‍പ്പെട്ടത്. വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ പോലീസ് സേനാംഗം ബാലുവിന് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
അഞ്ചുതെങ്ങ് കായലിലെ പൊന്നുംതുരുത്തില്‍ ഒട്ടകം രാജേഷുണ്ടെന്നായിരുന്നു പോലീസിന് ലഭിച്ചിരുന്ന വിവരം. ഇതേത്തുടര്‍ന്നാണ് പോലീസ് സംഘം തിരച്ചിലിന് പോകുകയും അപകടത്തില്‍പ്പെടുകയും ചെയ്തത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ വിവരം തെറ്റാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.
മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനിയില്‍ സുധീഷിനെയാണ് ഒട്ടകം രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അക്രമിസംഘം വീട്ടില്‍ മക്കളുടെ മുന്നില്‍വച്ച് സുധീഷിന്റെ കാല്‍ വെട്ടിയെടുത്തു. കാല്‍ വെട്ടിയെടുത്തശേഷം ബൈക്കില്‍ കൊണ്ടുപോയി അര കിലോമീറ്റര്‍ അകലെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.
ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12 ഓളം പേരടങ്ങിയ സംഘമാണ് കാല്‍ വെട്ടിയെടുത്തത്. സംഘത്തെ കണ്ട് സുധീഷ് ഓടി വീട്ടില്‍ കയറി രക്ഷപ്പെട്ടങ്കിലും വീട്ടിന്റെ ജനലുകളും വാതിലും തകര്‍ത്ത സംഘം വീട്ടിനകത്തു കയറി സുധീഷിനെ വെട്ടുകയായിരുന്നു. നാടന്‍ ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം പരിസരവാസികളെ വാളും മഴുവും അടങ്ങുന്ന ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയതിന് ശേഷമായിരുന്നു ആക്രമണം.
നാല് വര്‍ഷം മുമ്പ് എതിര്‍ഗുണ്ടാ സംഘത്തെ ആക്രമിക്കാനുള്ള പദ്ധതിക്കിടെ രാജേഷ് പിടിയിലായിരുന്നു. ചിറയിന്‍കീഴില്‍ നിന്ന് ഷാഡോ പോലീസിന്റെ പിടിയിലായ ഒട്ടകം രാജേഷിന്റെ കയ്യില്‍ നിന്ന് നാടന്‍ ബോംബുകളും വടിവാളുകളും അന്ന് പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.