ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെതിരെ സിപിഎം. പ്രായപരിധി ഉയര്‍ത്തുന്നത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
രാജ്യത്ത് 18 വയസ്സ് പൂര്‍ത്തിയായ വ്യക്തിക്ക് ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാമെന്നാണ് ഭരണഘടന ഉറപ്പ് നല്‍കുന്നത്. നിയമപരമായ വിവാഹത്തിന് 21 വയസ്സ് പൂര്‍ത്തിയാകണം എന്നതല്ലാതെ എന്ത് മാറ്റമാണ് ഈ നിയമത്തിലൂടെ കൊണ്ടുവരാന്‍ കഴിയുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കട്ടേയെന്നും യെച്ചൂരി ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷം പാര്‍ലമെന്റില്‍ നിയമത്തെ എതിര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
18 വയസ്സ് തികഞ്ഞാല്‍ പ്രായപൂര്‍ത്തിയായ വ്യക്തിയായി കണക്കാക്കുമെന്നിരിക്കെ ഇതില്‍ ലിംഗസമത്വവുമായി ബന്ധപ്പെട്ട എന്ത് കാര്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് കേന്ദ്ര വൃത്തങ്ങള്‍ പറയുന്നതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അതിന് പോഷകാഹാരക്കുറവ് പോലുള്ള പ്രശ്‌നങ്ങളാണ് പരിഹരിക്കേണ്ടതെന്ന് യെച്ചൂരി പറഞ്ഞു.