ഡല്‍ഹി മലിനീകരണ വിഷയത്തില്‍ സുപ്രീം കോടതി; 24 മണിക്കൂര്‍ സമയം, പരിഹാരമായില്ലെങ്കില്‍ ഇടപെടും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ തലസ്ഥാന നഗരം വായുമലിനീകരണത്താല്‍ ശ്വാസം മുട്ടുമ്പോള്‍ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ശക്തമായ വിമര്‍ശവുമായി സുപ്രീം കോടതി. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മലിനീകരണം പരിഹരിക്കാനുള്ള നിര്‍ദേശവുമായി എത്തിയില്ലെങ്കില്‍ വിഷയത്തില്‍ ഇടപെടുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഡല്‍ഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് വിഷയത്തില്‍ സര്‍ക്കാരുകള്‍ കാണിച്ച അനാസ്ഥയിലുള്ള അസംതൃപ്തി ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയത്.

“മലിനീകരണത്തിന്റെ തോത് ഉയരുമ്പോഴും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. നമ്മള്‍ സമയം പാഴാക്കുകയാണ്. 24 മണിക്കൂര്‍ സമയം തരുന്നു. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരുകള്‍ തയ്യാറാവണം”- സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

ഡല്‍ഹി നഗരത്തില്‍ മലിനീകരണ തോത് ഉയര്‍ത്തുന്ന ഫാക്ടറികളും നിര്‍മ്മാണ പ്രവര്‍ത്തികളും തടയാന്‍ ഫ്‌ളയിങ് സ്‌ക്വാഡുകളെ നിയോഗിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജറായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിങ് ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങള്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം.

മലിനീകരണം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. വായു മലിനീകരണത്തിന്റെ തോത് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്‌.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7