കന്യാസ്ത്രീയുടെ ആത്മഹത്യ; സംശയമുണ്ടെന്നു ബന്ധുക്കൾ

ചേർത്തല: പഞ്ചാബിലെ ജലന്ധർ രൂപത പരിധിയിലെ കോൺവെന്റിൽ ചേർത്തല സ്വദേശിനിയായ കന്യാസ്ത്രീ ആത്മഹത്യചെയ്തതായി ബന്ധുക്കൾക്കു വിവരംലഭിച്ചു. അർത്തുങ്കൽ കാക്കിരിയിൽ ജോൺ ഔസേഫിന്റെ മകൾ മേരിമേഴ്സി(31) ചൊവ്വാഴ്ച ആത്മഹത്യചെയ്തതായാണു സഭാധികൃതർ വീട്ടുകാരെ അറിയിച്ചത്. എന്നാൽ, മകൾക്ക് ആത്മഹത്യചെയ്യേണ്ട സാഹചര്യമില്ലെന്നും സംഭവത്തിൽ സംശയമുണ്ടെന്നുംകാണിച്ച് പിതാവ് ജോൺ ഔസേഫ് ആലപ്പുഴ കളക്ടർക്കു പരാതിനൽകി.

ജലന്ധർ രൂപതയിൽപ്പെട്ട സാദിഖ് ഔവ്വർലേഡി ഓഫ് അസംപ്ഷൻ കോൺവെന്റിലായിരുന്നു മേരിമേഴ്‌സി നാലുവർഷമായി പ്രവർത്തിച്ചിരുന്നത്. 29-ന്‌ രാത്രി വീട്ടിലേക്കുവിളിച്ചപ്പോൾ മകൾ ഉല്ലാസവതിയായിരുന്നുവെന്നും ഡിസംബർ രണ്ടിലെ ജന്മദിനത്തെക്കുറിച്ച് ആഹ്ലാദത്തോടെ സംസാരിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. മരണത്തിലും അവിടെനടത്തിയ പോസ്റ്റ്‌മോർട്ടത്തിലും സംശയമുള്ളതിനാൽ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തി വസ്തുത പുറത്തുകൊണ്ടുവരണമെന്നു പരാതിയിൽ ആവശ്യപ്പെടുന്നു. രണ്ടിനു മൃതദേഹം നാട്ടിലെത്തിക്കും. അമ്മ: കർമിലി, സഹോദരൻ: മാർട്ടിൻ.

സിസ്റ്റർ മേരിമേഴ്സിയുടെ മരണം ബന്ധുക്കളെയും പോലീസിനെയും അറിയിച്ചശേഷമാണു തുടർനടപടികൾ സ്വീകരിച്ചതെന്നു മഠം അധികൃതർ പത്രക്കുറുപ്പിൽ അറിയിച്ചു. സിസ്റ്റർ എഴുതിയ കത്തിൽ കുടുംബാംഗങ്ങളോടും സന്യാസസഭ അംഗങ്ങളോടും ക്ഷമചോദിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് പോസ്റ്റുമോർട്ടമടക്കമുള്ള നടപടികൾ സ്വീകരിച്ചത്. പോസ്റ്റുമോർട്ടത്തിലും പോലീസ് അന്വേഷണത്തിലും ആത്മഹത്യയാണെന്നു കണ്ടെത്തിയിട്ടുണ്ട്. എല്ലാ അന്വേഷണങ്ങളോടും സഭാസമൂഹം പൂർണ സഹകരണം നൽകുന്നുണ്ടെന്നും ഫ്രാൻസിസ്കൻ ഇമ്മാക്കുലേറ്റൻ സിസ്റ്റേഴ്സ് ഡെലിഗേറ്റ് വികാർ സിസ്റ്റർ മരിയ ഇന്ദിര അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7