മോഡലുകളുടെ മരണം; പാർട്ടി നടന്ന രാത്രിയിൽ ഹോട്ടലിൽ ഉണ്ടായിരുന്ന വിഐപി നടൻ?

മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും അപകടത്തിൽ മരിച്ച രാത്രിയിൽ ഇവർ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലിലുണ്ടായിരുന്ന ‘വിഐപി’യെ കുറിച്ചു ലഭിച്ച രഹസ്യ വിവരം സ്ഥിരീകരിക്കാൻ കഴിയാതെ പൊലീസ് ആശയക്കുഴപ്പത്തിൽ. അപകടം നടന്ന നവംബർ ഒന്നിനു രാത്രി അൻസി, അഞ്ജന, സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവർ സഞ്ചരിച്ചിരുന്ന കാർ അമിത വേഗത്തിൽ ഓടിച്ച ഡ്രൈവർ അബ്ദുൽ റഹ്മാന്റെ നാട്ടുകാരനാണ് ‘വിഐപി’. ഇയാൾ നമ്പർ 18 ഹോട്ടലിലുണ്ടായിരുന്നതെന്ന രഹസ്യവിവരമാണു പൊലീസിനു ലഭിച്ചത്.

ഇദ്ദേഹം ഒരു രാഷ്ട്രീയ നേതാവാണെന്നും അല്ല സിനിമാനടനാണെന്നുമുള്ള അഭ്യൂഹം ശക്തമാവുന്നതിനിടയിലാണു ഹോട്ടലിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ അപ്രത്യക്ഷമായത്. സംഭവദിവസം രാത്രി ഹോട്ടലിൽനിന്നു കാറിൽ അമിതവേഗത്തിൽ പാഞ്ഞുപോകാനിടയാക്കിയ സംഭവത്തെ കുറിച്ചു ഹോട്ടൽ ഉടമയ്ക്കു വ്യക്തമായ അറിവുണ്ടെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. കേസിൽ ‘വിഐപി’ക്കു പങ്കുണ്ടോയെന്നു വ്യക്തമാകാൻ ഹോട്ടലുടമയുടെ മൊഴിയെടുക്കണം.

ബിസിനസ് കാര്യങ്ങളിൽ ഹോട്ടലുടമയ്ക്കു വലിയ സഹായങ്ങൾ ചെയ്തിരുന്ന ‘വിഐപിക്കു’ വേണ്ടി സ്ഥിരമായി ഒഴിച്ചിട്ടിരുന്ന ഒരു മുറിയും നമ്പർ 18 ഹോട്ടലിലുണ്ട്. ഈ മുറിയുടെ വാതിൽ, പാർക്കിങ് ഏരിയ, ഡിജെ പാർട്ടി ഹാൾ എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾതന്നെ അപ്രത്യക്ഷമായതോടെയാണു അന്നവിടെയുണ്ടായിരുന്നവരെ കുറിച്ചുള്ള സംശയം ബലപ്പെട്ടത്. കൊല്ലപ്പെട്ട യുവതികളെ സംഭവ ദിവസം രാത്രി ഹോട്ടലുടമ വിഐപിക്കു പരിചയപ്പെടുത്തിയതായുള്ള സാക്ഷിമൊഴിക്ക് ഈ കേസിൽ ഏറെ പ്രാധാന്യമുണ്ട്.

കേസിൽ അബ്ദുൽ റഹ്മാന്റെ മൊഴികൾ നിർണായകമാണ്. റഹ്മാനെ 3 ദിവസത്തേക്കാണു പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെങ്കിലും ചോദ്യം ചെയ്യാൻ 3 മണിക്കൂർ മാത്രമാണു കോടതി അനുവദിച്ചത്. കെട്ടിട നിർമാതാവു കൂടിയായ ഹോട്ടലുടമ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തിരുന്ന വിഐപിയുടെ സമ്മർദത്തിനു വഴങ്ങിയാണ്, നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ഒളിപ്പിച്ച ശേഷം ഹോട്ടലുടമ ഒളിവിൽ പോയതെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. ഇതിനു സ്ഥിരീകരണം ലഭിക്കുന്നതോടെ കേസന്വേഷണത്തിൽ വലിയ മുന്നേറ്റവും കൂടുതൽ അറസ്റ്റുകളുമുണ്ടാവും.

Similar Articles

Comments

Advertismentspot_img

Most Popular