കുറുപ്പിനെ പിടിക്കാൻ കഴിയാത്തത് കേരള പൊലീസിന്റെ വീഴ്ചയോ..?

പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ കേസ് പൂർത്തിയാക്കാൻ കഴിയാത്തത് കുറ്റാന്വേഷണത്തിൽ മുമ്പൻമാരായ കേരള പൊലീസിന് നാണക്കേട് ഉണ്ടാക്കുന്നതാണ് എന്ന് ചർച്ചകൾ ഉയരുന്നുവരുന്നു. സുകുമാരക്കുറുപ്പ് പ്രതിയായ ചാക്കോവധം കേരള പോലീസിനു 35 വർഷമായിട്ടും തീർപ്പാകാത്ത കേസായി തുടരുന്നു. സി.ബി.സി.ഐ.ഡി. 271 സി.ആർ./86 നമ്പർ കേസ് പ്രഗല്‌ഭരായ പോലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ചിട്ടും ഒരുതുമ്പും കിട്ടിയില്ല. കേസിനെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുമ്പോൾ ഇപ്പോഴും ക്രൈംബ്രാഞ്ച് അതിനു പിന്നാലെ പോകും. ദുൽഖർ സൽമാൻ അഭിനയിച്ച ‘കുറുപ്പ്’ സിനിമയാണു സുകുമാരക്കുറുപ്പിന്റെ കഥ വീണ്ടും മലയാളികളുടെ ചർച്ചകളിലേക്കു കൊണ്ടുവന്നത്.

കോട്ടയത്തെ ഒരു സന്നദ്ധസംഘടനയുടെ സംരക്ഷണത്തിൽക്കഴിയുന്നയാൾക്കു സുകുമാരക്കുറുപ്പിന്റെ ഛായയുണ്ടെന്ന് അടുത്തിടെ പ്രചരിച്ചിരുന്നു. കഴിഞ്ഞദിവസം ആലപ്പുഴയിൽനിന്നുള്ള ക്രൈംബ്രാഞ്ച് സംഘം അവിടെ പരിശോധിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല.

1984 ജനുവരി 21 ശനിയാഴ്ച രാത്രിയിലാണു ചാക്കോ കൊല്ലപ്പെട്ടത്. തുടർന്നു മാവേലിക്കര കുന്നത്ത് പാടശേഖരത്ത്‌ മൃതദേഹം കാറിലിരുത്തി കത്തിച്ചു. മാവേലിക്കര പോലീസ് 22/84 നമ്പരായി കേസെടുത്തു. ചെങ്ങന്നൂർ ഡിവൈ.എസ്.പി.യായിരുന്ന പി.എം. ഹരിദാസാണ് ആദ്യം അന്വേഷിച്ചത്. എസ്.പി. യായി വിരമിച്ച ഹരിദാസ് ഇപ്പോൾ കൊല്ലത്താണു താമസം. കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പല്ലെന്നും സിനിമാവിതരണ കമ്പനിയായ മുനോദ് ആൻഡ് വിജയ മൂവീസ് പ്രതിനിധി, ആലപ്പുഴ സ്വദേശി ചാക്കോയാണെന്നും ലോക്കൽ പോലീസ് കണ്ടെത്തി. കുറുപ്പ് ഒഴികെയുള്ള പ്രതികളെയും പിടികൂടി.

കെ. കരുണാകരൻ മുഖ്യമന്ത്രിയും വയലാർ രവി ആഭ്യന്തരമന്ത്രിയുമായിരിക്കെ രാഷ്ട്രീയവിവാദമായതിനെത്തുടർന്നാണു രണ്ടുവർഷത്തിനുശേഷം കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്.

ചെറിയനാട് ദേവസ്വംബോർഡ് സ്കൂളിലാണു സുകുമാരൻ എന്ന സുകുമാരക്കുറുപ്പ് പത്താംക്ലാസ് പഠിച്ചിറങ്ങിയത്. സ്കൂൾ രേഖകൾപ്രകാരം 1948 മേയ് 24 ആണ് ജനനത്തീയതി. ജീവിച്ചിരിപ്പുണ്ടെങ്കിൽ കുറുപ്പിന്‌ 73 വയസ്സ് പിന്നിട്ടിട്ടുണ്ടാകും. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കർശനനിരീക്ഷണത്തിലാണ് ഇപ്പോഴും. ഭാര്യയും മക്കളും കൂടുതൽ ബന്ധുക്കളും വിദേശത്താണ്. ഇവരുടെ വീടുകളിലെ ചടങ്ങുകളിൽപ്പോലും പോലീസിന്റെ കണ്ണുണ്ട്.

കേരള പോലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണരീതി തുടങ്ങിയ കാലത്താണു ചാക്കോവധം. വിരലടയാളം മാത്രമായിരുന്നു അന്നത്തെ ഏക പിടിവള്ളി. അതും ദിവസങ്ങൾക്കുശേഷമേ സ്ഥിരീകരിക്കാൻ കഴിയുമായിരുന്നുള്ളൂ. ആദ്യകാലത്ത് കുറുപ്പിനെ പലസ്ഥലങ്ങളിൽ കണ്ടതായി പ്രചാരണമുണ്ടായിരുന്നു. ഒരിക്കൽ ആളെ കൈയിൽകിട്ടുകയുംചെയ്തതായി കഴിഞ്ഞദിവസം മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ് പറഞ്ഞിരുന്നു. മുഖത്തെ മറുക് പ്ലാസ്റ്റിക് സർജറിചെയ്തു മറച്ചതിനാൽ ആളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ വിടുകയും ചെയ്തു. വിദേശങ്ങളിൽവരെ അന്വേഷണം നടന്നു. കോടികളാണു കേസന്വേഷണത്തിൽ പോലീസിനു ചെലവായിരിക്കുന്നത്.

keywords: kerala-police-continue-the-investigation-on-sukumara-kurup

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7