കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്നുപേര്‍ മരിക്കാനിടയായ വാഹനാപകടത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ഹോട്ടലില്‍ നിന്നും ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കി.
പാര്‍ട്ടിക്ക് ശേഷം ഈ കാര്‍ തങ്ങളെ പിന്തുടരുകയായിരുന്നുവെന്നും ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ക്കെതിരെ പോലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
അപകടത്തിന്റെ ചില സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. അതില്‍ ഒരു കാറ് പിന്തുടരുന്നതിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പാര്‍ട്ടി നടന്ന ഹോട്ടലിലേക്കെത്തുകയും കാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിന് ലഭിക്കുകയും ചെയ്തത്.
അപകടം നടന്ന ശേഷം പിന്തുടര്‍ന്ന കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിച്ച് മടങ്ങുകയും ചെയ്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ഹോട്ടല്‍ ഉടമയായ റോയി ആണ് എന്നാണ് പോലീസിന് സംശയമുള്ളത്. എന്നാല്‍ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹോട്ടലിന്റെ ഉടമ ഈ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്ന് ഉടമയുടെ ഡ്രൈവര്‍ പോലീസിന് മൊഴിനല്‍കിയിരുന്നു.
റോയിയും ഡ്രൈവറും മറ്റൊരാളും കാറിലുണ്ടായിരുന്നതായാണ് പോലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം. അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നും ഇത് പറയാനാണ് പിന്നാലെ പോയതെന്നുമാണ് റോയിയുടെ ഡ്രൈവര്‍ മെല്‍വിന്റെ മൊഴി. ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഡി.ജെ പാര്‍ട്ടി നടന്ന സമയത്ത് ഇവരുമായി എന്തെങ്കിലും വാക്കേറ്റമുണ്ടായിട്ടുണ്ടോ അതിനെ തുടര്‍ന്ന് പിന്തുടര്‍ന്നതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് സംശയിക്കുന്നത്.
ഒക്ടോബര്‍ 31-ന് രാത്രി നടന്ന പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അന്‍സി കബീര്‍, അന്‍ജന ഷാജന്‍, ആഷിഖ്, അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മുന്‍ മിസ് കേരള വിജയികളായ അന്‍സി കബീറും അന്‍ജന ഷാജനും തല്‍ക്ഷണം മരിച്ചു. ചികിത്സയിലായിരുന്ന ആഷിഖും പിന്നീട് മരിച്ചു. കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാനെ പോലീസ് പിന്നീട് അറസ്റ്റു ചെയ്തിരുന്നു. രാത്രി വൈകിയും മദ്യം വിറ്റെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടി നടന്ന ഹോട്ടല്‍ എക്‌സൈസ് അധികൃതര്‍ പൂട്ടിക്കുകയും ചെയ്തിരുന്നു.