കൊച്ചി: മോഹൻലാൽ ചിത്രം മരക്കാർ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ല. ചിത്രം ഒ ടി ടി റിലീസായിരിക്കുമെന്ന് ഫിലിം ചേംബർ അറിയിച്ചു. തിയേറ്റർ ഉടമകൾ വിട്ടുവീഴ്ച ചെയ്തില്ലെന്നും വിമർശനമുണ്ടായി. തിയേറ്റർ റിലീസിനായുള്ള ചർച്ചകൾ അവസാനിപ്പിച്ചെന്നും ഫിലിം ചേംബർ പ്രസിഡന്റ് ജി.സുരേഷ് കുമാർ അറിയിച്ചു. ഇന്നത്തെ ചർച്ചകൾ മാറ്റാൻ ആവശ്യപ്പെട്ടതും ചേംബർ തന്നെയെന്നും സുരേഷ് കുമാർ പറഞ്ഞു. നഷ്ടമുണ്ടായാൽ നികത്തണമെന്ന് നിർമാതാവ് ആവശ്യപ്പെട്ട ഉപാധി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് അംഗീകരിച്ചില്ല. ഫിയോക്ക് വാശി പിടിക്കരുതെന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് തിയേറ്റർ ഉടമകളുടെ പ്രതിനിധിയായ ലിബർട്ടി ബഷീർ പ്രതികരിച്ചു.
മരക്കാർ റിലീസുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനായി മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം മാറ്റിവച്ചിരുന്നു. സംഘടനാ പ്രതിനിധികളുടെ അസൗകര്യം കണക്കിലെടുത്താണ് ചർച്ച മാറ്റിയത് എന്നായിരുന്നു അറിയിച്ചിരുന്നത്.
മരക്കാറിന് അഡ്വാൻസ് തുകയായി 40 കോടി രൂപ തിയേറ്ററുടമകൾ നൽകണമെന്നാണ് ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം തള്ളിയതിനു പിന്നാലെ പരമാവധി 10 കോടി എന്നായിരുന്നു ഫിയോക്കിന്റെ മറുപടി. ചേംബർ ഇടപെടലിൽ നിർമാതാവ് മുൻകൂർ തുക 25 കോടിയാക്കി. പരമാവധി സ്ക്രീനുകൾ എന്ന നിർമാതാവിന്‍റെ ആവശ്യം ഫിയോക് അംഗീകരിച്ചിരുന്നു. റിലീസ് സമയം 500 കേന്ദ്രങ്ങളിൽ മൂന്നാഴ്ച മരക്കാർ മാത്രം പ്രദർശിപ്പിക്കാമെന്നായിരുന്നു നൽകിയിരുന്ന ഉറപ്പ്.
ഒടിടിയിൽ ആമസോൺ അടക്കമുള്ള പ്ളാറ്റ് ഫോമുകൾ മരക്കാറിന് വച്ചിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയാണ്. എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പൻ റിലീസാണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ ലക്ഷ്യം.