ആരെയും ആക്രമിക്കുന്നത് ശരിയല്ല; നടന്റെ വാഹനം അടിച്ചുതകര്‍ത്തത് പാര്‍ട്ടി അന്വേഷിക്കും – വേണുഗോപാല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഉപരോധ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ത്ത സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

‘സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്നാണ് തോന്നുന്നത്. അന്വേഷിക്കുകതന്നെ ചെയ്യും. പക്ഷെ സമരത്തിന് ആധാരമായ കാര്യമെന്താണെന്ന് മനസിലാക്കണം. ഇന്നും പാചക വാതകത്തിന്റെ വിലകൂട്ടി. രാജ്യത്ത് കോണ്‍ഗ്രസ് ഒരുപാട് സമരങ്ങള്‍ നടത്തിയിട്ടുണ്ട്. വരുന്ന 14 മുതല്‍ 29 വരെ ദേശീയ തലത്തില്‍ പ്രക്ഷോഭം നടത്തുകയാണ്. പക്ഷെ മോദി സര്‍ക്കാര്‍ ഇതൊന്നും കേള്‍ക്കുന്നില്ല. ഓരോ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കൂട്ടിക്കൊണ്ടിരിക്കുന്നു. അതേക്കുറിച്ച് ചര്‍ച്ച വേണ്ടേ ? സമര മാര്‍ഗങ്ങളെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാം. പക്ഷെ പ്രതിഷേധ സ്വരങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല’ – അദ്ദേഹം പറഞ്ഞു.

ജോജുവിനെ ക്രിമിനല്‍ എന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ വിശേഷിപ്പിച്ചത്. സമരക്കാര്‍ക്കു നേരെ പാഞ്ഞടുത്ത ജോജുവിനെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.മുണ്ടും മാടിക്കെട്ടി സമരക്കാര്‍ക്കുനേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോര്‍ജ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോര്‍ജിനെതിരേ പോലീസ് നടപടി സ്വീകരിക്കണം. ആ നടപടി ജനങ്ങളെയും സമൂഹത്തെയും ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന നടപടി ആയിരിക്കണം അതെന്നും സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ധനവില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരേയായിരുന്നു സിനിമാ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7