വഴിതടയലിനെതിരേ പ്രതികരിച്ച സന്ധ്യയ്ക്ക് സല്യൂട്ട്; ജോജുവിന് ഇല്ലേ എന്ന് സോഷ്യല്‍ മീഡിയ: ട്രോള്‍

ഗതാഗതം തടസ്സപ്പെടുത്തി കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരേ നടന്‍ ജോജു നടത്തിയ പ്രതിഷേധവും, പിന്നാലെ ജോജുവിനെതിരേ ഉണ്ടായ പ്രതിഷേധവും ആക്രമണവുമാണ് വാര്‍ത്തകളില്‍ നിറയുന്നത്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. പൊതുജന ജീവിതത്തെ ബാധിക്കുന്ന വഴിതടയല്‍ സമരത്തെ ചോദ്യം ചെയ്തത് ഉചിതമായ നടപടിയാണെന്ന് ചിലര്‍ പ്രതികരിക്കുമ്പോള്‍ താരം ചെയ്തതത് ശരിയായില്ലെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.

നടന്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. ജോജുവിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും നടത്തി. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിന്റെ പഴയൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി രംഗത്തെത്തിയിരിക്കുകയാണ് സൈബര്‍ ലോകം. വഴിതടഞ്ഞുള്ള സിപിഎം സമരത്തെ ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഷാഫി ഇട്ട പോസ്റ്റാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുന്നത്.

2013ലായിരുന്നു സംഭവം. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെ് ഇടത് മുന്നണി നടത്തിയ സമരത്തിനെതിരേയാണ് സന്ധ്യ എന്ന വീട്ടമ്മ പരസ്യമായി പൊട്ടിത്തെറിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപത്തെ താമസക്കാരിയായിരുന്നു സന്ധ്യ. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി നടത്തുന്ന സിപിഎം സമരത്തെ ചോദ്യം ചെയ്ത സന്ധ്യ അന്ന് വാര്‍ത്തകളിലേയും സോഷ്യല്‍ മീഡിയയിലേയും താരമായിരുന്നു. അന്ന് സന്ധ്യയ്ക്ക് പിന്തുണ അറിയിച്ചാണ് ഷാഫി പറമ്പില്‍ പോസ്റ്റിട്ടത്.

‘പൊതുജനങ്ങളെ വഴി തടഞ്ഞുള്ള സമരത്തെ ചങ്കൂറ്റത്തോടെ എതിര്‍ത്ത ഈ സഹോദരിക്കു അഭിനന്ദങ്ങള്‍ ആശംസകള്‍’ എന്നായിരുന്നു ഷാഫിയുടെ പോസ്റ്റ്. വഴിതടഞ്ഞുള്ള കോണ്‍ഗ്രസ് സമരത്തെ ചോദ്യം ചെയ്തതിന് നടന്‍ ജോജുവിനെതിരേയുള്ള പ്രതിഷേധവും സൈബര്‍ ആക്രമണവും കൊടുംപിരി കൊള്ളുമ്പോള്‍ ഷാഫിയുടെ ഇതേ പോസ്റ്റാണ് സൈബര്‍ ലോകം കുത്തിപ്പൊക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റുകളുടെ കമന്റ് ബോക്‌സില്‍ ട്രോളുകളും പൊങ്കാലകളും ആരംഭിച്ചുകഴിഞ്ഞു.

സന്ധ്യയ്ക്ക് സല്യൂട്ട് നല്‍കിയത് പോലെ ജോജുവിന് സല്യൂട്ട് ഇല്ലേ എന്നാണ് പലരും ചോദിക്കുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ പ്രതികരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കും ഉണ്ട്. ജോജുവിനൊപ്പം എന്നായിരുന്നു ഒരാളുടെ കമന്റ്. ജോജുവിനെതിരെ പ്രസ്താവന നടത്തിയ കെ സുധാകരന്റെ പോസ്റ്റിന് താഴെയും ജോജുവിനെ പിന്തുണച്ചുളള കമന്റുകളുണ്ട്.

ഇന്ധനവില വര്‍ധനവിനെതിരേ തിങ്കളാഴ്ച രാവിലെ വൈറ്റിലയിലായിരുന്നു വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് കോണ്‍ഗ്രസുകാര്‍ സമരം നടത്തിയത്. ഇതോടെ വൈറ്റില മുതല്‍ വാഹനങ്ങളുടെ നീണ്ടനിരയായി. ആശുപത്രി, ഓഫീസ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ നടുറോഡില്‍ കുടുങ്ങി. ഇതിനിടെയാണ് നടന്‍ ജോജു ജോര്‍ജ് അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഗതാഗതക്കുരുക്കില്‍പ്പെട്ട ജോജു വാഹനത്തില്‍നിന്നിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രോഷാകുലനായി പ്രതിഷേധിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു ആവര്‍ത്തിച്ചുപറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കണമെന്നും നടന്‍ മാധ്യമപ്രവര്‍ത്തകരോടും പ്രതികരിച്ചു. ഇതേസമയം, കാശുണ്ടായത് കൊണ്ടാണ് ജോജു ജോര്‍ജ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. താന്‍ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ജോജു നല്‍കിയ മറുപടി. എന്നാല്‍ ഇതിനുപിന്നാലെ സംഭവസ്ഥലത്ത് കൈയാങ്കളിയും സംഘര്‍ഷാവസ്ഥയും ഉടലെടുക്കുകയായിരുന്നു.

ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ല് ചിലര്‍ അടിച്ചുതകര്‍ത്തു. നടന് നേരേ കൈയേറ്റശ്രമവുമുണ്ടായി. തുടര്‍ന്ന് പോലീസുകാര്‍ ജോജുവിന്റെ വാഹനത്തില്‍ കയറിയിരുന്നാണ് സുരക്ഷ ഉറപ്പാക്കിയത്. പോലീസ് സംരക്ഷണയില്‍ ജോജുവിനെ സംഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular