ദുബായ് :കാലാവസ്ഥ മാറുന്ന സാഹചര്യത്തിൽ പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചു. കോവിഡ് വാക്സീൻ സ്വീകരിച്ചുവെന്നു കരുതി ഫ്ലൂ വാക്സീൻ ഒഴിവാക്കരുത്. ആരോഗ്യസുരക്ഷയ്ക്കു രണ്ടും പ്രധാനമാണെന്നും മൂന്നാഴ്ചത്തെ ഇടവേളയിൽ വാക്സീൻ സ്വീകരിക്കുന്നതാണ് സുരക്ഷിതമെന്നും വ്യക്തമാക്കി.
യുഎഇയിൽ ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് പകർച്ചപ്പനി വ്യാപകമാകുക. കുത്തിവയ്പെടുത്താൽ രോഗം വരാതിരിക്കുകയോ വന്നാൽ തീവ്രത കുറയുകയോ ചെയ്യുമെന്നും അബുദാബി പൊതുജനാരോഗ്യ കേന്ദ്രത്തിലെ പകർച്ചവ്യാധി വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫരീദ അൽ ഹൊസനി പറഞ്ഞു.
പകർച്ചപ്പനിക്കെതിരെ ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണത്തിനു തുടക്കം കുറിച്ചു. അടിയന്തര സാഹചര്യങ്ങളിൽ വാക്സീൻ സൗജന്യമായി നൽകും. രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ 50 ദിർഹമാണു നിരക്കെന്നും വ്യക്തമാക്കി.
അതിവേഗം പടരുന്നുവെന്നതാണ് വൈറൽ പനിയുടെ പ്രത്യേകത. ആൾക്കൂട്ടങ്ങളും പൊതുപരിപാടികളും രോഗവ്യാപനം വേഗത്തിലാക്കുന്നു. സ്കൂളിലോ ബാച്ചിലേഴ്സ് ഫ്ലാറ്റുകളിലോ ഒരാൾക്കു വന്നാൽ മറ്റുള്ളവർക്ക് പെട്ടെന്നു ബാധിക്കാൻ സാധ്യതയേറെയാണ്.
മുൻകരുതലും ചികിത്സയും ആവശ്യമാണ്. യഥാസമയം ചികിത്സിച്ചില്ലെങ്കിൽ രോഗി അവശനാകും. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ കൂടുതൽ കരുതൽ ആവശ്യമാണ്.
കുട്ടികൾ, വയോധികർ, രോഗികൾ, ശസ്ത്രക്രിയയ്ക്കു വിധേയരായവർ, ഗർഭിണികൾ, സ്കൂൾ ജീവനക്കാർ, ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർ എന്നിവർ ഡോക്ടറുടെ നിർദേശപ്രകാരം േരാഗ പ്രതിരോധ നടപടികൾ സ്വീകരിക്കണം. ആശുപത്രിയിൽ കിടത്തി ചികിത്സിക്കാതെ തന്നെ 84.53% പേർക്കും വൈറൽ പനി മാറുന്നതായാണ് രാജ്യാന്തര റിപ്പോർട്ട്.