നെടുമങ്ങാട്: അച്‌ഛനും മകനും തമ്മിലുള്ള വഴക്കിനിടെ മകനെ പിന്തുണച്ചതില്‍ രോഷം പൂണ്ട് എഴുപത്തൊന്നുകാരന്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പോലീസില്‍ കീഴടങ്ങി.
അരുവിക്കര കളത്തറ കാവനം പുറത്തു വീട്ടില്‍ ജനാര്‍ദ്ദനന്‍ നായരുടെ ഭാര്യ വിമല (68)യാണ് കൊല്ലപ്പെട്ടത്. ബുധനാഴ്‌ച രാത്രി 11. 30 ഓടെയാണ് സംഭവം. മകന്‍ സുരേഷ് കുമാറിനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. സംഭവസമയത്ത് മകനും ഭാര്യയും മക്കളും തൊട്ടടുത്ത മുറിയില്‍ ഉറക്കത്തിലായിരുന്നു. ഭാര്യയെ താന്‍ വെട്ടിക്കൊലപ്പെടുത്തിയെന്നും കളത്തറ ജംഗ്‌ഷനില്‍ പോലീസിനെ കത്ത് നില്‍പ്പുണ്ടെന്നും ജനാര്‍ദ്ദനന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ ചെയ്‌ത് അറിയിച്ചതിനെ തുടര്‍ന്ന് അരുവിക്കര പോലീസ് സ്‌ഥലത്തെത്തി കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. 12 ഓടെ പോലീസ് വീട്ടില്‍ വന്ന് മകന്‍ കിടന്ന റൂമില്‍ തട്ടി വിളിച്ച ശേഷമാണ് സുരേഷ് സംഭവം അറിയുന്നത്.
കഴുത്തിന്റെ പിന്‍ഭാഗത്ത് വെട്ടേറ്റ് മരിച്ച നിലയില്‍ മൃതദേഹം കട്ടിലില്‍ കിടക്കുകയായിരുന്നു. തേങ്ങ വെട്ടുന്ന കത്തി ഉപയോഗിച്ചു കഴുത്തില്‍ വെട്ടിയെന്നാണ് ജനാര്‍ദ്ദനന്‍ പൊലീസില്‍ നല്‍കിയിട്ടുള്ള മൊഴി. കിടപ്പു മുറിയോട് ചേര്‍ന്ന ഷീറ്റ് പുരയില്‍ മഴവെള്ളം പതിക്കുന്ന ശബ്‌ദം കാരണമാണ് മകനും കുടുംബവും ബഹളം അറിയാത്തതെന്ന് പൊലീസ് സൂചിപ്പിച്ചു. മുമ്പ് തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന ജനാര്‍ദ്ദനനും ഭാര്യയും കുറേനാളായി വാര്‍ദ്ധക്യ രോഗങ്ങളുടെ പിടിയിലാണ്. വീട്ടില്‍ സ്‌ഥിരമായി വഴക്കിടുന്ന സ്വഭാവക്കാരനായിരുന്നു ജനാര്‍ദ്ദനന്‍. ചതയ ദിവസം മകനുമായി വഴക്കിട്ടതിന് ഇയാളെ വിമല വിലക്കിയിരുന്നു. എന്നാല്‍ രണ്ടു ദിവസമായി ഇതേച്ചൊല്ലിയായി വഴക്കും ബഹളവും.
അരുവിക്കര സേ്‌റ്റഷന്‍ ഓഫീസര്‍ ഷിബുകുമാറിന്റെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്‌റ്റ് പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ജനാര്‍ദ്ദനനെ റിമാന്‍ഡ് ചെയ്‌തു. കയറ്റിറക്ക് തൊഴിലാളിയാണ് മകന്‍ സുരേഷ്‌കുമാര്‍. മറ്റുമക്കള്‍; ഗീതാകുമാരി, രാധിക. മരുമക്കള്‍: ഹരിഹരന്‍, ജയപാല്‍, രജനി.