എന്റെ ജാവലിനില്‍ പാക്ക് താരം കൃത്രിമം കാട്ടിയില്ല, വിദ്വേഷ പ്രചാരണം വേണ്ട: ചോപ്ര

ന്യൂഡല്‍ഹി : വിവാദങ്ങളിലേക്കും വിദ്വേഷ പ്രചാരണങ്ങളിലേക്കും തന്റെ പേരു വലിച്ചിഴയ്ക്കരുതെന്ന് ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര അഭ്യര്‍ഥിച്ചു. ടോക്കിയോ ഒളിംപിക്‌സ് ഫൈനലിനിടെ പാക്കിസ്ഥാന്‍ താരം അര്‍ഷാദ് നദീം തന്റെ ജാവലിന്‍ എടുത്തിരുന്നെന്നും തുടര്‍ന്നു അതു തിരിച്ചുവാങ്ങിയെന്നും കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ നീരജ് വെളിപ്പെടുത്തിയിരുന്നു.

പിന്നാലെ, സമൂഹമാധ്യമങ്ങളില്‍ പാക്ക് താരത്തിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. നീരജിന്റെ ജാവലിനില്‍ അര്‍ഷാദ് നദീം കൃത്രിമം കാട്ടാന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രചാരണം. ഇതിനെത്തുടര്‍ന്നാണു വാസ്തവം വെളിപ്പെടുത്തി ഇന്ത്യന്‍ താരം രംഗത്തെത്തിയത്.

‘മത്സരങ്ങള്‍ക്കു മുന്‍പ് ഓരോ മത്സരാര്‍ഥിയും അവരുടെ ജാവലിനുകള്‍ ഒഫിഷ്യല്‍സിനെ ഏല്‍പിക്കണം. ഇങ്ങനെയെത്തുന്ന ജാവലിന്‍ ഏതു മത്സരാര്‍ഥിക്കും ഉപയോഗിക്കാം. എന്റെ ജാവലിന്‍ ഉപയോഗിച്ച് പാക് താരം തയാറെടുപ്പു നടത്തിയത് അങ്ങനെയാണ്. എന്റെ ഊഴം വന്നപ്പോള്‍ ജാവലിന്‍ ഞാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അതു തിരികെ നല്‍കി’– നീരജ് വ്യക്തമാക്കി.

ഫൈനലിലെ ആദ്യ ഊഴമെത്തിയപ്പോള്‍ ജാവലിന്‍ കണ്ടില്ലെന്നും പാക്ക് താരത്തില്‍നിന്ന് അതു തിരികെ വാങ്ങാന്‍ സമയമെടുത്തതോടെ ആദ്യ ഊഴം വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടി വന്നുമെന്നുമാണ് നീരജ് അഭിമുഖത്തില്‍ പറഞ്ഞത്. മത്സരത്തില്‍ 5-ാം സ്ഥാനത്തായിരുന്നു പാക്ക് താരം.

ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശമാണ് കായിക മത്സരങ്ങള്‍ പകര്‍ന്നു നല്‍കുന്നതെന്നും തന്റെ പേര് ഉപയോഗിച്ചുള്ള വിവാദങ്ങള്‍ ഏറെ വേദനിപ്പിച്ചുവെന്നും നീരജ് ചോപ്ര വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular