വാഷിങ്ടണ്‍: അമേരിക്കന്‍ സൈനികരടക്കം 60 ലധികം പേര്‍ കൊല്ലപ്പെടാനിടയായ കാബൂള്‍ ഇരട്ട സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ‘നിങ്ങളെ ഞങ്ങള്‍ വേട്ടയാടും’ ബൈഡന്‍ പറഞ്ഞു. വൈറ്റ് ഹൗസില്‍ വികാരനിര്‍ഭരനായി സംസാരിച്ച ബൈഡന്‍ തിരിച്ചടിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ പെന്റഗണിന് നിര്‍ദേശം നല്‍കി.
കാബൂള്‍ ഇരട്ട സ്‌ഫോടനത്തില്‍ 13 യുഎസ് സൈനികരും നിരവധി സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ഒരു ദശകത്തിനിടെ യുഎസ് സേനയ്ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ദിനമായിരുന്നു വ്യാഴാഴ്ച. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം അഫ്ഗാന്‍ ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.
‘ഞങ്ങള്‍ ഒരിക്കലും പൊറുക്കില്ല, ഒരിക്കലും മറക്കില്ല. ഞങ്ങള്‍ നിങ്ങളെ വേട്ടയാടും. കനത്ത വില നല്‍കേണ്ടി വരും’ ബൈഡന്‍ വൈറ്റ്ഹൗസില്‍ പ്രസ്താവന നടത്തി.
അഫ്ഗാനിസ്താനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ തുടരുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു.’തീവ്രവാദികള്‍ക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല. ഞങ്ങളുടെ ദൗത്യം അവസാനിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. ഒഴിപ്പിക്കല്‍ നടപടികള്‍ തുടരും’ ബൈഡന്‍ വ്യക്തമാക്കി.
ഇതിനിടെ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് തന്റെ പര്യടനങ്ങള്‍ അവസാനിപ്പിച്ച് വാഷിങ്ടണിലേക്ക് തിരിച്ചിട്ടുണ്ടെന്ന് അവരുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
അഫ്ഗാനില്‍ നിന്ന് ഓഗസ്റ്റ് 31-നകം സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ബൈഡന്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും വൈറ്റ്ഹൗസ് വക്താവ് ജെന്‍ സാക്കി പറഞ്ഞു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളെ തുടര്‍ന്നാണിതെന്നും അവര്‍ വ്യക്തമാക്കി.
അതേ സമയം കാബൂളില്‍ ആക്രമണം നടത്തിയവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന് സൈനിക കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബൈഡന്‍ അറിയിച്ചിട്ടുണ്ട്. വലിയ സൈനിക ഓപ്പറേഷനുകളില്ലാതെ തിരിച്ചടി നല്‍കാനുള്ള വഴി തങ്ങള്‍ കണ്ടെത്തുമെന്നും ബൈഡന്‍ പറഞ്ഞു.
കാബൂള്‍ ആക്രമണത്തില്‍ മരിച്ച സൈനികരെ കുറിച്ച് സംസാരിച്ചപ്പോഴാണ് അദ്ദേഹം വികാരാധീനനായത്. ജീവന്‍ നഷ്ടമായ സൈനികരെ അമേരിക്കന്‍ ഹീറോകളെന്ന് വിശേഷിപ്പിച്ച ബൈഡന്‍ വൈറ്റ്ഹൗസിലും രാജ്യമെമ്പാടുമുള്ള പൊതു കെട്ടിടങ്ങളിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാനും ഉത്തരവിട്ടു.
അവര്‍ എന്താണോ ആവശ്യപ്പെടുന്നത് അത് നല്‍കും. കൂടുതലായി സൈന്യത്തെ വേണമെങ്കില്‍ അതിനും തയ്യാറാണെന്ന് സൈന്യത്തെ അറിയിച്ചതായി ബൈഡന്‍ വ്യക്തമാക്കി.