വിവാഹം കോടതി പറയും പോലെ: റോബിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കാന്‍ കേരളം

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി വിവാഹംകഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളെ കേരളം സുപ്രീം കോടതിയില്‍ എതിര്‍ക്കും. എന്നാല്‍ റോബിനെ വിവാഹം കഴിക്കണം എന്ന ഇരയുടെ ആവശ്യത്തില്‍ കോടതി തീരുമാനത്തെ അംഗീകരിക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി റാവല്‍ ഹാജരായേക്കും.

കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ ഹ്രസ്വ കാലത്തേക്ക് ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീം കോടതിയില്‍ റോബിന്‍ വടക്കുംചേരി നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്ന് ഇരയും കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കാന്‍ കഴിയില്ല എന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും.

പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ക്ക് വിവാഹം കഴിക്കാനുള്ള തീരുമാനം എടുക്കാം. ഇതില്‍ രക്ഷകര്‍ത്താക്കള്‍ക്ക്‌ പോലും ഇടപെടാന്‍ അധികാരമില്ല എന്നാണ് ഹാദിയ കേസില്‍ സുപ്രീം കോടതി വിധിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വിവാഹം കഴിക്കണം എന്ന റോബിന്‍ വടക്കുംചേരിയുടെയും ഇരയുടെയും ആവാശ്യത്തില്‍ കേരളം സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കില്ല.

വിവാഹത്തിന് കോടതി അനുമതി നല്‍കിയാല്‍ ജയിലില്‍ വച്ച് വിവാഹം നടക്കട്ടെ എന്ന നിലപാടാകും കേരളം കോടതിയില്‍ സ്വീകരിക്കുക. നാല് വയസ്സുള്ള മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular