ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി. പ്രകൃതി ദുരന്തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സമാനമായി ദേശീയ ദുരന്ത നിവാരണ നിയമത്തിലെ നിയമത്തിലെ 12 ാം വകുപ്പ് പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും സഹായത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കോവിഡും ദേശീയ ദുരന്തമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ മാനദണ്ഡം അനുസരിച്ച് സഹായം നല്‍കണമെന്ന് കോടതി വിധിച്ചത്.
എത്ര തുക വീതം നല്‍കണം എന്നതിന് മാനദണ്ഡം തയ്യാറാക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ആറാഴ്ചയ്ക്കുള്ളില്‍ എത്രതുക എന്നതും ഇതിനുള്ള മാര്‍ഗരേഖയും തയ്യാറാക്കണം. നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കണം എന്നായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇതിനെ കേന്ദ്രം എതിര്‍ത്തു. എന്നാല്‍ നഷ്ടപരിഹാരം നല്‍കിയെ മതിയാകൂ എന്ന് കോടതി ഇന്നത്തെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നഷ്ടപരിഹാരം ഈ നിയമപ്രകാരം നല്‍കിയാല്‍ വലിയ സാമ്പത്തിക ബാധ്യത വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിലവില്‍ ഔദ്യോഗിക കണക്ക് പ്രകാരം മൂന്നര ലക്ഷത്തോളം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണസര്‍ട്ടിഫിക്കറ്റ് ലഘൂകരിക്കാനും കോടതി നിര്‍ദേശിച്ചു. ധനസഹായം നല്‍കണമെന്ന ഹര്‍ജിയെ തുടക്കം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു