ലഖ്നൗ: ഉത്തർപ്രദേശിലെ പോലീസ് കോൺസ്റ്റബിൾ തനിക്ക് പകരം ജോലിക്ക് അയച്ചത് ഭാര്യാസഹോദരനെ. മൊറാദാബാദിലെ ഠാക്കൂർദ്വാര പോലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിച്ച അനിൽകുമാർ എന്ന കോൺസ്റ്റബിളാണ് തനിക്ക് പകരം ഭാര്യാസഹോദരനെ ആ ജോലി ഏൽപ്പിച്ച് ആൾമാറാട്ടം നടത്തിയത്. സിനിമയെ വെല്ലുന്ന സംഭവത്തിൽ രഹസ്യമായി അന്വേഷണം നടത്തിയ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ആൾമാറാട്ടം സ്ഥിരീകരിച്ചതോടെ അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തു. അതേസമയം, ഇയാൾക്ക് പകരം സേനയിൽ ജോലിചെയ്ത ഭാര്യാസഹോദരൻ അനിൽസോണി ഒളിവിൽപോയിരിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
2012-ൽ പോലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് മുസാഫർനഗർ സ്വദേശിയായ അനിൽകുമാർ. തുടർന്ന് പരിശീലനം പൂർത്തിയാക്കിയശേഷം ബരേയ്ലി ജില്ലയിലായിരുന്നു ജോലിചെയ്തിരുന്നത്. ഇയാളെ പിന്നീട് മൊറാദാബാദിലേക്ക് സ്ഥലംമാറ്റി. ഇതോടെയാണ് ഭാര്യാസഹോദനുമായി ചേർന്ന് അനിൽകുമാർ ആൾമാറാട്ടം നടത്തിയത്.
അനിൽകുമാറിന് പകരം അദ്ദേഹത്തിന്റെ പേരിൽ മൊറാദാബാദിൽ അനിൽസോണിയാണ് ജോലിക്ക് ഹാജരായത്. ബരേലിയിൽനിന്നുള്ള സ്ഥലംമാറ്റ ഉത്തരവുമായി എത്തിയ വ്യാജനെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞില്ല. ഫോട്ടോ പോലും പരിശോധിക്കാൻ റിക്രൂട്ടിങ് ഓഫീസർ മുതിരാതിരുന്നതും ഇവർക്ക് സഹായകരമായി.
ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അനിൽകുമാർ ഭാര്യാസഹോദരന് വീട്ടിൽവെച്ച് എല്ലാപരിശീലനവും നൽകിയിരുന്നു. പോലീസ് പരിശീലനക്കാലത്തെ വിവിധ അഭ്യാസങ്ങളും തോക്ക് ഉപയോഗിക്കേണ്ടവിധവും സല്യൂട്ട് ചെയ്യേണ്ട രീതിയും ഇയാൾ പഠിപ്പിച്ചുനൽകി. തുടർന്ന് ജോലിയിൽ പ്രവേശിച്ച അനിൽസോണി അനിൽകുമാറെന്ന പേരിൽ കാക്കിയിട്ട് ജോലിനോക്കുകയും ചെയ്തു.
ഇതിനിടെ, വ്യാജനാണെന്ന് തിരിച്ചറിയാതെ അനിൽസോണിക്ക് സേനയിൽനിന്ന് തോക്കും അനുവദിച്ചിരുന്നു. പിസ്റ്റർ ഉൾപ്പെടെയാണ് ഇയാൾ ഡ്യൂട്ടിയുടെ ഭാഗമായി ഉപയോഗിച്ചുവന്നിരുന്നത്. ഇങ്ങനെ ആർക്കും സംശയത്തിനിടനൽകാതെ ജോലി തുടരുന്നതിനിടെയാണ് ചിലരിൽനിന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചത്. നിലവിൽ ജോലിചെയ്യുന്നത് യഥാർഥ അനിൽകുമാർ അല്ലെന്ന വിവരം ലഭിച്ചതോടെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ രഹസ്യമായി അന്വേഷണം നടത്തി. തുടർന്ന് ആൾമാറാട്ടം സ്ഥിരീകരിച്ചതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സേനയിൽനിന്ന് ആരെങ്കിലും ആൾമാറാട്ടത്തിന് സഹായം നൽകിയിട്ടുണ്ടെങ്കിൽ അവർക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.