വൈപ്പിൻ: എൻ.ഡി.എ. വൈപ്പിൻ നിയോജകമണ്ഡലം കൺവീനർ രഞ്ജിത്ത് രാജ്‌വിയുടെ വീട്ടിൽ തിരഞ്ഞെടുപ്പുകാലത്ത് മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത അത്താഴവിരുന്ന് നടന്നത് വിവാദമാകുന്നു. മന്ത്രിയെ കൂടാതെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എൻ. ഉണ്ണികൃഷ്ണനും സി.പി.എമ്മിന്റെ ഏരിയാകമ്മിറ്റിയംഗങ്ങൾ അടക്കമുള്ളവരും പങ്കെടുത്തു. ഏതാനും എസ്.എൻ.ഡി.പി. ശാഖാ ഭാരവാഹികളുമുണ്ടായിരുന്നു.
രഞ്ജിത്തിന്റെ ഭാര്യ കൃഷ്ണകുമാരി എസ്.എൻ.ഡി.പി. യോഗം വനിതാസംഘം സംസ്ഥാനപ്രസിഡന്റാണ്. ബി.ഡി.ജെ.എസ്. രൂപവത്കരിച്ച കാലംമുതൽ നിയോജകമണ്ഡലം പ്രസിഡന്റായ രഞ്ജിത്ത് ഹിന്ദു ഐക്യവേദിയുടെ നേതാവുകൂടിയാണ്. മാർച്ച് 28-ന് സ്ഥാനാർഥി കെ.എൻ. ഉണ്ണികൃഷ്ണൻ വനിതാസംഘം നേതാവായ കൃഷ്ണകുമാരിയെ കാണാനെത്തുമെന്നാണ് ആദ്യമറിയിച്ചത്. തോമസ് ഐസക് തിരഞ്ഞെടുപ്പുപ്രചാരണത്തിന് വൈപ്പിനിലെത്തുന്ന ദിവസമായതിനാൽ അദ്ദേഹവും കൂടെയുണ്ടാകുമെന്ന് പിന്നീട് അറിയിച്ചു.
വീട്ടിലെത്തിയ നേതാക്കളെ അവർ ഏതുപാർട്ടിയായാലും സ്വീകരിക്കേണ്ട മര്യാദ മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്നു രഞ്ജിത്ത് പറഞ്ഞു.
ഇതിന്റെ തുടർച്ചയായി എസ്.എൻ.ഡി.പി.യിലെ ഇടത് അനുകൂലികളുടെ ഒരു യോഗം ചെറായിയിലെ ഒരു പ്രമുഖ ഹോട്ടലിൽ ചേർന്നതായാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. ഈ യോഗത്തിൽ സി.പി.എം. സ്ഥാനാർഥിയും പങ്കെടുത്തിരുന്നതായും അവർ ആരോപിക്കുന്നു.
ബി.ഡി.ജെ.എസ്. നേതാക്കൾ വഴിയാണ് എൻ.ഡി.എ.വോട്ടുകളുടെ കച്ചവടം ഉറപ്പിച്ചതെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും തിരഞ്ഞെടുപ്പുകമ്മിറ്റി കൺവീനറുമായ വി.എസ്. സോളിരാജ് ആരോപിച്ചു.
സാമൂഹികപ്രവർത്തകയും സാമുദായികസംഘടനാനേതാവുമായ ഒരാളുടെ പിന്തുണതേടി പോയതാണെന്നും ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും വിരുന്നിൽ പങ്കെടുത്ത സി.പി.എം. ഏരിയാകമ്മിറ്റിയംഗം എ.പി. പ്രിനിൽ പറഞ്ഞു. പിന്നീട് കൃഷ്ണകുമാരി ഇടതുമുന്നണിസ്ഥാനാർഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയെന്നും പ്രിനിൽ പറഞ്ഞു.