അടുത്ത ചൊവ്വ മുതൽ ഞായർവരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം

അടുത്ത ചൊവ്വ മുതൽ ഞായർവരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ഇതിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാവും. വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണം അടുത്ത ചൊവ്വ മുതൽ ഞായർവരെ ഏർപ്പെടുത്താനാണ് നീക്കം.

ആവശ്യമുള്ള കടകൾ മാത്രം ഈ ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കും. ഡോർ ഡെലിവറി സംവിധാനം കടകൾ ഒരുക്കണം. ജനജീവിതം സ്തംഭിക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കും.

അതേസമയം ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നതും അനാവശ്യ സഞ്ചാരവും നിയന്ത്രിക്കും.

ഈ ദിവസങ്ങളിലെ നിയന്ത്രണം കാര്യക്ഷമമാണോ എന്ന് നിരീക്ഷിച്ചശേഷം കൂടുതൽ കടുത്ത നടപടികൾ ആവശ്യമുണ്ടെങ്കിൽ അതിലേക്ക് പോകും. സർക്കാർ ഓഫീസുകൾ ഈ ദിവസങ്ങളിൽ പ്രവർത്തിക്കുമോ എന്ന് പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സീരിയൽ ഷൂട്ടിങ് നിർത്തിവെക്കും. പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ രണ്ടു മീറ്റർ അകലം പാലിക്കണം.

കച്ചവടക്കാർ രണ്ട് മാസ്ക് ധരിക്കണം. സാധ്യമെങ്കിൽ കൈയുറയും ഉപയോഗിക്കണം.

സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്നതിന് കച്ചവടക്കാർ മുൻഗണന നൽകണം.

വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഫോണിലോ വാട്സാപ്പിലോ നൽകിയാൽ അവ വീടുകളിൽ എത്തിച്ചു നൽകുന്നതിന് ഡെലിവറി ബോയ്സിനെ നിയോഗിക്കണം.

ഇക്കര്യത്തിൽ മാർക്കറ്റ് കമ്മിറ്റികളുടെ സേവനം പ്രയോജനപ്പെടുത്തണം.

കോവിഡ് രോഗികൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ ജില്ലാ തലങ്ങളിലും സംസ്ഥാന തലത്തിലും ഓക്സിജൻ വാർ റൂമുകൾ ഉടൻ ആരംഭിക്കും. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ നിലവിലുള്ള സമിതിക്ക് പുറമെയാണിത്. പോലീസ്, ആരോഗ്യവകുപ്പ്, ഗതാഗത വകുപ്പ്, ദുരന്ത നിവാരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാവും കോവിഡ് വാർ റൂമുകൾ. ഓരോ ജില്ലയിലെയും ഓക്സിജൻ ലഭ്യതയുടെ കണക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ശേഖരിക്കും. ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ആഭ്യന്തര – ആരോഗ്യ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സമിതിയിൽ വ്യവസായ സെക്രട്ടറിയെക്കൂടി ഉൾപ്പെടുത്തും.

വിവിധ സ്ഥലങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് തടസമുണ്ടാകാൻ അനുവദിക്കില്ല. ഇക്കാര്യത്തിൽ പോലീസ് ഇടപെടും. ഓക്സിജൻ സിലിണ്ടറുകൾ കൊണ്ടുപോകുന്ന വാഹനങ്ങളുടെ മുന്നിലും പിന്നിലും ഓക്സിജൻ എമർജൻസി എന്ന സ്റ്റിക്കർ പതിക്കണം. ഇത്തരം സ്റ്റിക്കർ പതിച്ച വാഹനങ്ങൾ പോലീസ് വേഗം കടത്തിവിടണം. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കൊണ്ടുപോകുന്ന വാഹനങ്ങളിലും സ്റ്റിക്കർ പതിക്കണമെന്നും നിർദ്ദേശമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular