മൂന്നര മണിക്കൂറിനിടയില്‍ എറണാകുളത്ത് ഗോശ്രീ പാലങ്ങള്‍ക്കു സമീപം മൂന്ന് അസ്വാഭാവിക മരണങ്ങള്

കൊച്ചി : എറണാകുളത്ത് ഗോശ്രീ പാലങ്ങള്‍ക്കു സമീപം മൂന്ന് അസ്വാഭാവിക മരണങ്ങളാണ് വ്യാഴാഴ്ച മൂന്നര മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പുലര്‍ച്ചെ ഡി.പി. വേള്‍ഡിനു സമീപത്ത് ഒരു മൃതദേഹം കരയ്ക്കടിഞ്ഞതായി കണ്ടെത്തി. ഈ ഞെട്ടല്‍ തീരും മുമ്പാണ് ഗോശ്രീ പാലത്തില്‍ കോവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. പിന്നാലെ ഇതേ പാലത്തില്‍നിന്നുതന്നെ ചാടി 26 വയസ്സുകാരിയും ജീവന്‍ വെടിഞ്ഞു.

അജ്ഞാത മൃതദേഹം

ഡി.പി. വേള്‍ഡിനോടു ചേര്‍ന്ന് ഗോശ്രീ പാലത്തിനു സമീപത്താണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഏഴു മണിയോടെയാണിത്. 40 വയസ്സിനു മുകളില്‍ തോന്നിക്കുന്നയാള്‍ പാന്റ്‌സും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നതെന്ന് മുളവുകാട് പോലീസ് പറഞ്ഞു.

കോവിഡ് രോഗി തൂങ്ങിമരിച്ച നിലയില്‍

ഗോശ്രീ പാലത്തില്‍ കോവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുളവുകാട് ബോള്‍ഗാട്ടി സ്വദേശി തട്ടാംപറമ്പില്‍ വിജയനെ (62) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാലത്തിന്റെ കൈവരിയില്‍ കയര്‍ കെട്ടി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ ഒമ്പതു മണിയോടെ മീന്‍ പിടിക്കാന്‍ എത്തിയവരാണ് മൃതദേഹം ആദ്യം കാണുന്നത്. കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതോടെ വിജയന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കോവിഡ് പരിശോധനാ ഫലം പുറത്തുവന്നതിനു പിന്നാലെ മനോവിഷമത്തില്‍ തൂങ്ങിമരിച്ചതാകുമെന്നാണ് പോലീസിന്റെ നിഗമനം. ഓട്ടോറിക്ഷ െ്രെഡവറാണ് വിജയന്‍.

പാലത്തില്‍നിന്നു ചാടിയ യുവതി മരിച്ചു

ഗോശ്രീ രണ്ടാം പാലത്തിന്റെ മുകളില്‍നിന്ന് കായലിലേക്ക് ചാടിയ, പള്ളിപ്പുറം സ്വദേശി വലിയവീട്ടില്‍ നെല്‍സന്റെ മകള്‍ ബ്രിയോണ നെല്‍സണ്‍ (26) മരിച്ചു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് ബ്രിയോണ പാലത്തില്‍നിന്ന് ചാടിയത്. വിജയന്റെ മൃതദേഹം താഴെയിറക്കുന്നതിനുള്ള നടപടികള്‍ നടക്കവെയാണ് അതിനടുത്തുനിന്ന് ബ്രിയോണ ചാടിയത്. ഇതുകണ്ട് അജിത്കുമാര്‍ എന്നയാള്‍ രക്ഷിക്കാനായി പിന്നാലെ ചാടി.

ബ്രിയോണയെ അദ്ദേഹം കരയ്ക്കുകയറ്റി. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. ബ്രിയോണ മൊബൈലില്‍ സംസാരിച്ച് പാലത്തിലൂടെ നടക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് നില്‍ക്കുന്നവര്‍ കണ്ടിരുന്നു. അല്പദൂരം നടന്ന ശേഷം ബ്രിയോണ പാലത്തിന്റെ കൈവരിക്കു മുകളില്‍ കയറി ചാടുകയായിരുന്നു.

വീട്ടില്‍നിന്ന് ജോലിയുടെ ഇന്റര്‍വ്യൂവിനെന്നു പറഞ്ഞ് ഇറങ്ങിയതായിരുന്നു ബ്രിയോണ. എറണാകുളത്ത് സോഫ്റ്റ്‌വേര്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

കോവിഡ് വ്യാപനത്തിനു പിന്നാലെ ഇവിടത്തെ ജോലി നഷ്ടമായി. തുടര്‍ന്ന് വിവിധയിടങ്ങളില്‍ ജോലിക്കായി ശ്രമിക്കുകയായിരുന്നു. ബ്രിയോണയുടെ മാതാവ്: ലൈസ. സഹോദരങ്ങള്‍: ബ്രോമില്‍, ബ്രിന്റാ.

തിരച്ചില്‍ തുടരുന്നു

ഗോശ്രീ പാലത്തിനു സമീപത്ത് ഒരു ഇരുചക്ര വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 28കാരനായ എടവനക്കാട് സ്വദേശിയുടെ ബൈക്കാണിത്. യുവാവ് പാലത്തിനു മുകളില്‍നിന്ന് ചാടിയിരിക്കാം എന്ന നിഗമനത്തില്‍ തിരച്ചില്‍ തുടരുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7