ശസ്ത്രക്രിയ നടത്തിയത് ജർമനിയിലെ വിദഗ്ധ സംഘം; യൂസഫലി സുഖം പ്രാപിക്കുന്നു

അബുദാബി: ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് അബുദാബിയിൽ വിശ്രമിക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയെ ജർമനിയിൽ നിന്നുള്ള പ്രമുഖ ന്യൂറോ സർജൻ പ്രഫ. ഷവാർബിയുടെ നേതൃത്വത്തിൽ 25 ഡോക്ടർമാരടങ്ങിയ വിദഗ്ധ മെഡിക്കൽ സംഘം പരിശോധിച്ചു. ചികിത്സയുടെ ഭാഗമായി അബുദാബി ബുർജിൽ ആശുപത്രിയിൽ ഇൗ മാസം 13ന് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അദ്ദേഹം സുഖംപ്രാപിച്ചു വരുന്നതായി ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു.

യൂസഫലിയുടെ മരുമകനും അബുദാബി ബുർജിൽ ആശുപത്രി ഉടമയുമായ ഡോ. ഷംസീർ വയലിലാണ് ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് യൂസഫലിയെയും കുടുംബത്തെയും അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനം വഴി അബുദാബിയിൽ എത്തിച്ച് തുടർചികിത്സ ഏകോപിപ്പിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെയുള്ളവർ നേരിട്ട് വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ പ്രാർത്ഥനകൾക്കും ഹൃദയത്തിൻ്റെ ഭാഷയിലുള്ള നന്ദി യൂസഫലിയും കുടുംബവും അറിയിക്കുന്നതായും നന്ദകുമാർ പറഞ്ഞു.

യൂസഫലിയുടെ ക്ഷേമമന്വേഷിച്ച് യുഎഇ–ഇന്ത്യൻ ഭരണാധികാരികളും സമൂഹത്തിൻ്റെ വിവിധ മേഖലകളിലെ പ്രമുഖരും. യു.എ.ഇ. വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ, യു.എ.ഇ. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉൾപ്പെടെയുള്ള ഗൾഫ് ഭരണാധികാരികൾ, മുഖ്യമന്ത്രി പിണറായി വിജയൻ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റ് കേന്ദ്ര – സംസ്ഥാന മന്ത്രിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിവിധ മതവിഭാഗങ്ങളിലെ ആത്മീയാചാര്യന്മാർ എന്നിവരടക്കമുള്ള രാഷ്ട്രീയ- സാമൂഹിക-വാണിജ്യ-മത രംഗത്തുള്ള പ്രമുഖർ യൂസഫലിയെ നേരിട്ട് വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ച് ആശംസകൾ നേർന്നു.

Similar Articles

Comments

Advertismentspot_img

Most Popular