പ്രതലങ്ങളിലൂടെ കൊറോണ വൈറസ് പകരാനുള്ള സാധ്യത കുറവ്; സിഡിസിയുടെ പുതിയ മാർഗനിർദേശം

പ്രതലങ്ങളിലും വസ്തുക്കളിലും സ്പര്‍ശിച്ചതു കൊണ്ട് കൊറോണ വൈറസ് പകരാനുള്ള സാധ്യത വളരെ കുറവാണെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി). അസുഖ ബാധിതരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കമോ വായുവിലൂടെയുള്ള വൈറസിന്റെ പകര്‍ച്ചയോ ആണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണമെന്ന് സിഡിസി പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദ്ദേശത്തിൽ പറയുന്നു.

കോവിഡ് മഹാമാരി ആരംഭിച്ചത് മുതല്‍ പ്രതലങ്ങളുടെ അണുനാശനത്തിന് കാര്യമായ ഊന്നല്‍ പലരും നല്‍കിയിരുന്നു. അണുനാശനത്തിന് സഹായിക്കുന്ന പ്രത്യേക സ്‌പ്രേകള്‍തന്നെ വിപണയില്‍ എത്തി. എന്നാല്‍ പ്രത്യേക അണുനാശിനികളുടെ ആവശ്യമില്ലെന്നും സോപ്പോ ഡിറ്റര്‍ജെന്റോ ഉപയോഗിച്ചുള്ള ലളിതമായ ശുചീകരണം മതിയാകുമെന്നും സിഡിസിയുടെ പുതിയ നിര്‍ദ്ദേശം പറയുന്നു. അകത്തായാലും പുറത്തായാലും അണുനാശനികള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ഗുണം ചെയ്യുമെന്നതിനെ പറ്റി ശാസ്ത്രീയ തെളിവുകളില്ലെന്നും സിഡിസി കൂട്ടിച്ചേര്‍ത്തു.

കര്‍ശനമായ അണുനാശന പ്രോട്ടോകോളുകള്‍ക്ക് ഇളവ് നല്‍കുന്നതാണ് സിഡിയുടെ കണ്ടെത്തല്‍. കോവിഡ് രോഗം സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്യുന്ന അകത്തളങ്ങളില്‍ അണുനാശനം നടത്താനും സിഡിസി ശുപാര്‍ശ ചെയ്യുന്നു. അതേ സമയം ഫോഗിങ്ങ്, ഫ്യൂമിഗേഷന്‍, ഇലക്ട്രോസ്റ്റാറ്റിക് സ്‌പ്രേയിങ്ങ് പോലുള്ള അണുനാശന മുറകള്‍ സിഡിസി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ശുപാര്‍ശ ചെയ്യുന്നില്ല. മാസ്‌കുകളുടെ കൃത്യമായ ഉപയോഗത്തിലൂടെയും ഇടയ്ക്കിടെ കൈകള്‍ കഴുകുന്നതിലൂടെയും പ്രതലങ്ങളിലൂടെയുള്ള രോഗവ്യാപനം ചെറുക്കാനാകുമെന്നും സിഡിസി കൂട്ടിച്ചേര്‍ക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular