തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ വലിയ പ്രചരായുധമായി ഉപയോഗിക്കുമ്പോള്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ബിജെപിയെ ഞെട്ടിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രീകാര്യം കരുമ്പുകോണം മുടിപ്പുര ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയെന്ന് സംശയിക്കുന്ന കടകംപള്ളിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സംഭവം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സിപിഎമ്മിന്റെ തന്ത്രമാണെന്നാണ് വിമര്‍ശനം.
പ്രചരണത്തിനിടെ ഇന്നലെ രാവിലെയാണ് കടകംപള്ളി ക്ഷേത്രദര്‍ശനത്തിന് എത്തിയത്. സംഭവത്തില്‍ കടകംപള്ളിയോട് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെടുമോ എന്നാണ് പ്രതിപക്ഷവും ബിജെപിയും ഉറ്റു നോക്കുന്നത്. കഴക്കൂട്ടത്ത് കടകംപള്ളിക്കെതിരേ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രധാന പ്രചരണം ശബരിമലയാണ്. ശബരിമല വിശ്വാസത്തെ തകര്‍ത്തതിന് കടകംപള്ളിക്കെതിരേ വോട്ടു ചെയ്യാനാണ് ആഹ്വാനം. അതേസമയം ശബരിമല വിവാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ശേഷം തെരഞ്ഞെടുപ്പില്‍ മിതത്വം പാലിക്കുകയാണ് സിപിഎം.
നേരത്തേ ശബരിമലയിലെ നിലപാടിന്റെ പേരില്‍ കടകംപള്ളി ഖേദം പ്രകടിപ്പിച്ചത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നീട് കടകംപള്ളിയെ തള്ളി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത വരികയും ചെയ്തിരുന്നു. ശബരിമല വിവാദങ്ങള്‍ക്ക് ശേഷം ക്ഷേത്രങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി തീരുമാനം. അതുകൊണ്ടു കൂടിയാണ് പാര്‍ട്ടിയുടെ നിലപാട് പ്രതിപക്ഷത്തുള്ളവര്‍ ഉറ്റുനോക്കുന്നതും.
നേരത്തേ കടകംപള്ളി കുടുംബാംഗങ്ങളുടെ പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്തിയതും ദര്‍ശനത്തിന് പോയതും വിവാദമായിരുന്നു. ഇക്കാര്യത്തില്‍ കടകംപള്ളിക്ക് ജാഗ്രതക്കുറവ് സംഭവിച്ചു എന്നാണ് അന്ന് പാര്‍ട്ടി വിലയിരുത്തിയത്.