അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറയുന്നു. രണ്ടാഴ്ചക്കിടെ ബാരലിന് 10ശതമാനത്തോളമാണ് വിലയിൽ ഇടിവുണ്ടായത്. ബാരലിന് ഈമാസം തുടക്കത്തിലുണ്ടായിരുന്ന 71 ഡോളറിൽനിന്ന് വില 64 ഡോളറായി കുറഞ്ഞു.
യുറോപ്പിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയർന്നതോടെ പല നഗരങ്ങളിലും ഗതാഗത നിയന്ത്രണംവന്നേക്കുമെന്ന സൂചനമൂലം ഡിമാൻഡ് കുറഞ്ഞതാണ് എണ്ണവിലയെ ബാധിച്ചത്.
വാക്സിൻ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതും യുഎസ് സമ്പദ്ഘടനയിൽ ഉണർവുണ്ടായതും അസംസ്‌കൃത എണ്ണവിലവർധിക്കാനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ എണ്ണവിപണന രാജ്യങ്ങൾ വിതരണംകുറച്ച് വില ഉയർത്താൻ ശ്രമംനടത്തിവരികെയാണ് ആവശ്യകത കുത്തനെ ഇടിഞ്ഞത്.
ആഗോള വിപണിയിലെ വിലവ്യതിയാനത്തിനനസുരിച്ചാണ് രാജ്യത്തെ വിലയും പരിഷ്‌കരിക്കുന്നത്. ഇതുപ്രകാരം പെട്രോൾ, ഡീസൽ വിലയിൽ കുറവുവരേണ്ടതാണ്. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ദിനംപ്രതിയുള്ള പെട്രോൾ, ഡീസൽ വിലവർധന തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്.