തിരുവനന്തപുരം: ബസ് യാത്ര പഴയപടിയായിട്ടും ഈടാക്കുന്നത് കോവിഡ് കാലത്തെ ഉയർന്നനിരക്ക്. യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചത് വഴിയുണ്ടായ നഷ്ടം നികത്താനാണ് ലോക്ഡൗണിനുശേഷം ബസ് ചാർജിൽ 25 ശതമാനം വർധന വരുത്തിയത്. നിയന്ത്രണങ്ങൾ ക്രമേണ നീക്കിയതോടെ യാത്രക്കാരെ കുത്തിനിറച്ചാണ് ഇപ്പോൾ ബസുകൾ ഓടുന്നത്. എന്നിട്ടും തത്കാലത്തേക്ക് കൂട്ടിയ ചാർജ് വർധന കുറയ്ക്കാൻ സർക്കാർ തയാറായിട്ടില്ല.
നിരക്ക് കുറയ്ക്കാൻ കെ.എസ്.ആർ.ടി.സി. സന്നദ്ധത അറിയിച്ചിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതിന് കാരണം സ്വകാര്യബസുകാരുടെ സമ്മർദമാണെന്ന് ആരോപണമുണ്ട്. ദീർഘദൂര ബസുകളിലേക്ക് യാത്രക്കാരെ ആകർഷിക്കാൻ കഴിയാത്തതിന്റെ കാരണം ഉയർന്ന ടിക്കറ്റ് നിരക്കാണെന്ന് കെ.എസ്.ആർ.ടി.സി. കണ്ടെത്തിയിരുന്നു. സൂപ്പർക്ലാസ് ബസുകളിൽ സ്വയം നിരക്ക് കുറയ്ക്കാനും തയ്യാറായി.
ദീർഘദൂര ബസ് യാത്രക്കാരെ കൂട്ടംചേർന്ന് കാറുകളിൽ പോകാൻ പ്രേരിപ്പിക്കുന്നതിലും ബസ്ചാർജ് വർധനയ്ക്ക് പങ്കുണ്ട്. ഇതിനുപുറമേ ഒട്ടേറെ ആഡംബരബസുകളും വാനുകളും സ്ഥിരയാത്രക്കാർക്കുവേണ്ടി പ്രത്യേക സർവീസ് നടത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സി.യെക്കാൾ കുറഞ്ഞനിരക്കാണ് ഇവർ ഈടാക്കുന്നത്.
മിനിമം നിരക്കായ എട്ടുരൂപയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം അഞ്ചുകിലോമീറ്ററിൽ നിന്ന് രണ്ടരയായി കുറച്ചത് ഹ്രസ്വദൂര യാത്രക്കാരെ കൊള്ളയടിക്കുന്നതിന് തുല്യമാണ്. നേരത്തേ മിനിമം നിരക്കിൽ അഞ്ചുകിലോമീറ്റർ യാത്ര ചെയ്യാമായിരുന്നു. കിലോമീറ്റർ നിരക്ക് 70 പൈസയാക്കി. ഇതിനുപുറമേ സൂപ്പർക്ലാസ് സർവീസുകളിൽ 25 ശതമാനം വർധനയും വരുത്തി.
കെ.എസ്.ആർ.ടി.സി. ബസുകളിൽ ഇരട്ട സീറ്റുകളിലൊന്നാണ് കണ്ടക്ടർക്ക് സംവരണം ചെയ്തിട്ടുള്ളത്. കോവിഡ് കാലത്ത് സീറ്റിൽ ഒരാൾമാത്രമെന്ന നിബന്ധനവന്നപ്പോൾ ഇത് പൂർണമായും കണ്ടക്ടർക്ക് നൽകി. ഇപ്പോൾ എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിച്ചിട്ടുണ്ടെങ്കിലും കണ്ടക്ടർക്കൊപ്പെം ആരെയും ഇരിക്കാൻ അനുവദിച്ചിട്ടില്ല. ഇത് പലപ്പോഴും തർക്കത്തിന് ഇടയാക്കുന്നുണ്ട്. പരിഹാരം കാണാൻ കണ്ടക്ടർക്ക് സിംഗിൾ സീറ്റ് ഘടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.