എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം : എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രകാരം പരീക്ഷകൾ ഏപ്രിൽ എട്ട് മുതൽ ആരംഭിക്കും. ഈ മാസം 17ന് ആരംഭിക്കേണ്ട പരീക്ഷയാണ് തിരഞ്ഞെടുപ്പ് ജോലികൾ കണക്കിലെടുത്ത് മാറ്റിയത്. ഏപ്രിൽ 6ന് പോളിങ് അവസാനിച്ച ശേഷം പരീക്ഷ എട്ടിന് ആരംഭിക്കും.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഇത് സംബന്ധിച്ച നിർദേശം ലഭിച്ചു. ഇത് സർക്കാരിനെയും മുഖ്യ തിരഞ്ഞെടുപ്പ്ഓഫീസർ അറിയിച്ചിട്ടുണ്ട്.

10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റിവെക്കണമെന്ന സംസ്ഥാനസർക്കാരിന്റെ ആവശ്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുത്തത്. കഴിഞ്ഞദിവസം സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കുനൽകിയ അപേക്ഷയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയത്.

17-ന് പരീക്ഷകൾ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഹാൾടിക്കറ്റ് വിതരണം ഈയാഴ്ച തുടങ്ങുമെന്നുമാണ് അറിയിച്ചിരുന്നത്. അധ്യാപകരുടെ പരീക്ഷാഡ്യൂട്ടിയും വോട്ടെണ്ണൽ കേന്ദ്രങ്ങളായ സ്കൂളുകൾ നേരത്തെത്തന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപേക്ഷ നൽകിയത്. പരീക്ഷ മാറ്റണമെന്ന് ഇടത് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടപ്പോൾ വേണ്ടെന്നാണ് പ്രതിപക്ഷ സംഘടനകൾ നിലപാടെടുത്തത്.

രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പരീക്ഷ മാറ്റുന്നതിൽ അമർഷമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular