തപാല്‍ ബാങ്ക് ഇടപാടുകാര്‍ക്കും എട്ടിന്റെ പണി കൊടുത്ത് കേന്ദ്രസര്‍ക്കാര്‍; നിക്ഷേപിക്കാനും പിന്‍വലിക്കാനും തുക ഈടാക്കും

എല്ലാ ഇടപാടുകളും സൗജന്യമെന്ന് വാഗ്ദാനം ചെയ്ത് ആരംഭിച്ച തപാല്‍ ബാങ്ക് (പോസ്റ്റല്‍ ബാങ്ക് ) ഇടപാടുകളിലും ഉപയോക്താക്കളില്‍ നിന്ന് പിടിച്ചുപറി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍.

തപാൽ ബാങ്കിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും തുക ഈടാക്കും. ഇന്ത്യാ പോസ്റ്റ് ബാങ്കാണ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. ഓരോ നിരക്കിനൊപ്പവും ജി.എസ്.ടി.കൂടി ഇടപാടുകാരനിൽനിന്ന് ഈടാക്കും. ഏപ്രിൽ ഒന്നിനാണിത് നിലവിൽ വരുക.

മുമ്പ് ഉണ്ടായിരുന്ന വാതിൽ‍പ്പടി നിക്ഷേപത്തിനും പിൻവലിക്കലിനും ഏർപ്പെടുത്തിയിരുന്ന സർവീസ് ചാർജ് പുനഃസ്ഥാപിച്ചതാണോ എന്നറിയില്ലെന്നാണ് തപാൽ ബാങ്കിന്റെ കേരള ഘടകം നൽകുന്ന വിശദീകരണം. ഇത് സംബന്ധിച്ച് സർക്കുലറിൽ വ്യക്തതയില്ല. എന്നാൽ, നിക്ഷേപത്തിനും പിൻവലിക്കലിനും തുക ഈടാക്കാൻ ആരംഭിക്കുകയാണ് എന്നാണ് സർക്കുലറിൽ പറഞ്ഞിട്ടുള്ളത്.

ബേസിക് സേവിങ്സ്‌ ബാങ്ക് അക്കൗണ്ടിൽ മാസത്തിൽ നാല് തവണ ചാർജില്ലാതെ പണം പിൻവലിക്കാം. അതിനു ശേഷം പിൻവലിക്കുന്ന തുകയുടെ 0.5 ശതമാനമോ അല്ലെങ്കിൽ ഓരോ ഇടപാടിനും ചുരുങ്ങിയത് 25 രൂപയോ ഈടാക്കും.

ബേസിക് സേവിങ്സ്‌ ഒഴികെയുള്ള സേവിങ്സ്‌ ബാങ്ക് അക്കൗണ്ട്, കറന്റ്‌ അക്കൗണ്ട് എന്നിവയിൽനിന്ന് പണം പിൻവലിക്കണമെങ്കിൽ ചാർജുണ്ട്.
പ്രതിമാസം പരമാവധി 25,000 രൂപ മാത്രമേ ചാർജില്ലാതെ പിൻവലിക്കാനാകൂ. അതിനു ശേഷം പിൻവലിക്കുന്ന തുകയ്ക്ക് തുകയുടെ 0.5 ശതമാനമോ അല്ലെങ്കിൽ ഓരോ ഇടപാടിനും ചുരുങ്ങിയത്‍ 25 രൂപയോ ഈടാക്കും.

ബേസിക് സേവിങ്സ്‌ ബാങ്ക് അക്കൗണ്ടിൽ എത്ര തവണ വേണമെങ്കിലും പണം നിക്ഷേപിക്കാം. ചാർജ് ഈടാക്കില്ല. ബേസിക് സേവിങ്സ്‌ ഒഴികെയുള്ള സേവിങ്സ്‌ ബാങ്ക് അക്കൗണ്ട്, കറന്റ്‌ അക്കൗണ്ട് എന്നിവയിൽ പ്രതിമാസം പരമാവധി 10,000 രൂപ മാത്രമേ ചാർജില്ലാതെ നിക്ഷേപിക്കാനാകൂ. അതിനുശേഷം നിക്ഷേപിക്കുന്ന തുകയ്ക്ക് തുകയുടെ 0.5 ശതമാനമോ അല്ലെങ്കിൽ ഓരോ ഇടപാടിനും ചുരുങ്ങിയത്‍ 25 രൂപയോ ഈടാക്കും.

ആധാർ അധിഷ്ഠിത ബാങ്ക് ഇടപാടിനും പണം നൽകണം. ഇത് ഓരോ ഇടപാടിനും 20 രൂപ മുതലായിരിക്കും. മിനി സ്റ്റേറ്റ്മെന്റ്, ഫണ്ട് ട്രാൻസ്‌ഫർ എന്നിവയ്ക്കും പണം ഈടാക്കുമെന്നും സർക്കുലറിൽ പറയുന്നു. എല്ലാ ചാർജുകൾക്കും ജി.എസ്.ടി.യും ബാധകമാണ്. ജി.എസ്.ടി. ഉൾപ്പെടുത്താതെയുള്ള ചാർജാണ് തപാൽ ബാങ്ക് സർക്കുലറിൽ കാണിച്ചിട്ടുള്ളത്. ഇതോടെ വലിയ തുകയാണ് ഇടപാടുകാർക്ക് നഷ്ടമാകുക.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7