ഭക്തരുടെ കുരവകളുടെ അകമ്പടിയോടെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പണ്ടാരയടുപ്പില്‍ തീപകര്‍ന്നു. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീപകര്‍ന്ന ശേഷമാണ് പണ്ടാരയടുപ്പില്‍ അഗ്നി തെളിച്ചത്. തുടര്‍ന്ന് ഭക്തര്‍ തങ്ങളുടെ വീടുകളില്‍ തയ്യാറാക്കിയ അടുപ്പുകളിലും തീ തെളിച്ചു.
പണ്ടാര അടുപ്പില്‍ മാത്രമാണ് ഇത്തവണ ആറ്റുകാല്‍ ക്ഷേത്രവളപ്പില്‍ പൊങ്കാലയിടുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് ക്ഷേത്രവളപ്പില്‍ പൊങ്കാലയിടാന്‍ അനുമതിയില്ല. ഇതോടെ സ്വന്തം വീട്ടുമുറ്റങ്ങള്‍ പൊങ്കാലക്കളങ്ങളായി. സഹനത്തിന്റെ സമര്‍പ്പണമാണ് പൊങ്കാല, ഒപ്പം അതിജീവനത്തിനുള്ള മഹാമന്ത്രവും. ഭക്തവത്സലയായ ആറ്റുകാലമ്മ നിസ്വാര്‍ഥമായ പ്രാര്‍ഥന ഏറ്റുവാങ്ങുമെന്ന വിശ്വാസം ഭക്തമനസ്സുകള്‍ക്ക് താങ്ങാകുന്നു. ക്ഷേത്രത്തിനു സമീപത്തല്ലാതെ അകലെ വഴിയോരങ്ങളില്‍ പവിത്രമായ പൊങ്കാല അര്‍പ്പിക്കുന്നതിലെ വിയോജിപ്പ് നേരത്തെ ഒരു വിഭാഗം വിശ്വാസികള്‍ക്കുണ്ടായിരുന്നു. അത്തരക്കാര്‍ക്ക് വീട്ടുമുറ്റത്തെ പൊങ്കാല ആത്മനിര്‍വൃതിയുടെ നിമിഷങ്ങളായി മാറും
വൈകീട്ട് 3.40-ന് ഉച്ചപ്പൂജയ്ക്കു ശേഷം പൊങ്കാലനിവേദ്യം. രാത്രി 7.30-ന് പുറത്തെഴുന്നള്ളത്തും 11 മണിക്ക് തിരിച്ചെഴുന്നള്ളത്തും നടക്കും. വഴിയില്‍ വിഗ്രഹത്തിനു വരവേല്‍പ്പോ തട്ടം നിവേദ്യമോ ഉണ്ടായിരിക്കില്ല.ചടങ്ങില്‍ കഴിയുന്നത്രയും കുറച്ച് ആളുകള്‍ മാത്രം പങ്കെടുക്കുകയും സാമൂഹിക അകലമടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും വേണമെന്ന കര്‍ശന നിര്‍ദേശം ഇത്തവണ ഉണ്ടായിരുന്നു.
പൊങ്കാല ഇട്ടശേഷം ഭക്തര്‍ കൂട്ടമായി ക്ഷേത്ര ദര്‍ശനത്തിന് എത്താതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ക്ഷേത്രപരിസരത്ത് കൂട്ടംകൂടാന്‍ പാടില്ല. പത്തു വയസ്സിനു താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. ഭക്തജനങ്ങള്‍ കൃത്യമായ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക് ധരിക്കുകയും കൈകള്‍ സാനിറ്റൈസ് ചെയ്യേണ്ടതുമാണ്.