ഉത്തരാഖണ്ഡ് ദുരന്തം: കണ്ടെടുത്തത് 70 മൃതദേഹങ്ങള്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ടവില്‍ 70 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. തെരച്ചില്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്കാണ് രക്ഷാ സേനകള്‍ നീങ്ങുന്നത്.

ഇന്ന് രാവിലെയാണ് രണ്ടു മൃതശരീരങ്ങള്‍ കൂടി കണ്ടെത്തിയത്. ഒരെണ്ണം ശ്രീനഗര്‍ ചൗരാഹ എന്ന സ്ഥലത്തു നിന്നും ഒരെണ്ണം കീര്‍ത്തി നഗറില്‍ നിന്നുമാണ് കണ്ടുകിട്ടിയത്.

ഫെബ്രുവരി ഏഴിനാണ് ചമോലിയില്‍ മഞ്ഞുമല തകര്‍ന്ന് വെള്ളപ്പൊക്കമുണ്ടായത്. ദുരന്തത്തില്‍ രണ്ട് ജലവൈദ്യുത പദ്ധതികളും ഗ്രാമവും ഒലിച്ചുപോയിരുന്നു. ആകെ 206 പേരെയാണ് കാണാതായത്. ഇതില്‍ 70 മൃതശരീരങ്ങളും 29 ശരീരഭാഗങ്ങളും കണ്ടെത്തിയതായാണ് വിവരം.

ഇനിയും കണ്ടുകിട്ടാനുള്ള 134 പേരെ മരിച്ചതായി കണക്കാക്കണമെന്നാണ് അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കുന്ന നിര്‍ദേശം. ഇന്തോ-ടിബറ്റന്‍ സേനയും ദേശീയ ദുരന്ത നിവാരണ സേനയും 16-ാം ദിവസവും തിരച്ചില്‍ തുടരുകയാണ്. തപോവന്‍ തുരങ്കത്തില്‍ നിന്നുള്ള ചളിയും മണ്ണും ഉറച്ചുപോയ സിമന്റും നീക്കുന്ന ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7