ചരിത്രം തിരുത്തിക്കുറിച്ച് ഇടതു മുന്നണി ഇത്തവണ തുടര്‍ഭരണം നേടുമെന്ന് ചാനല്‍ സര്‍വേ ഫലങ്ങള്‍

തിരുവനന്തപുരം : ഇടതു മുന്നണി ഇത്തവണ ചരിത്രം തിരുത്തിക്കുറിച്ച് തുടര്‍ഭരണം നേടുമെന്ന് ചാനല്‍ സര്‍വേ ഫലങ്ങള്‍. എഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പ്രീ പോള്‍ സര്‍വേ ഫലവും, ട്വന്റി ഫോര്‍ ന്യൂസിന്റെ കേരള പോള്‍ ട്രാക്കര്‍ സര്‍വേ ഫലവുമാണ് എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിക്കുന്നത്.

എല്‍ഡിഎഫ് 72 മുതല്‍ 78 സീറ്റ് വരെ നേടി ഭരണം തുടരുമെന്നാണ് എഷ്യാനെറ്റ് ന്യൂ സീ ഫോര്‍ പ്രീ പോള്‍ സര്‍വേ പ്രവചിക്കുന്നത്. യുഡിഎഫ് 59 മുതല്‍ 65 സീറ്റ് വരെ നേടി കൂടുതല്‍ കരുത്തോടെ പ്രതിപക്ഷത്ത് ഇരിക്കും. എന്‍ഡിഎ മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെ നേടുമെന്നും പ്രീ പോള്‍ സര്‍വേ പ്രവചിക്കുന്നു.

തെക്കന്‍ കേരളത്തില്‍ ഇടതുമുന്നണി 41 ശതമാനം വോട്ടോടെ 24 മുതല്‍ 26 സീറ്റ് വരെ നേടും. യുഡിഎഫിന് 12 മുതല്‍ 14 സീറ്റേ ലഭിക്കൂ. 37 ശതമാനമാണ് വോട്ട് വിഹിതം പ്രവചിച്ചിരിക്കുന്നത്. എന്‍ഡിഎക്ക് 20 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നും ഒന്ന് മുതല്‍ രണ്ട് വരെ സീറ്റ് നേടാനാവുമെന്നും പ്രവചിക്കുന്നുണ്ട്.

കോട്ടയം മുതല്‍ തൃശ്ശൂര്‍ വരെയുള്ള മധ്യകേരളത്തില്‍ യുഡിഎഫ് നേട്ടമുണ്ടാക്കും, 23 മുതല്‍ 25 സീറ്റ് വരെ നേടും. എല്‍ഡിഎഫിന് ഇക്കുറി 16 മുതല്‍ 18 സീറ്റ് വരെ ലഭിച്ചേക്കും. ഇടതുമുന്നണിക്ക് 39 ശതമാനവും യുഡിഎഫിന് 42 ശതമാനവും വോട്ട് വിഹിതവും സര്‍വേ പ്രവചിക്കുന്നു.

വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫ് വ്യക്തമായ ആധിപത്യം നിലനിര്‍ത്തും. 43 ശതമാനം വോട്ടോടെ 32 മുതല്‍ 34 വരെ സീറ്റ് എല്‍ഡിഎഫ് നേടും. യുഡിഎഫിന് 39 ശതമാനം വോട്ട് ലഭിക്കുമെങ്കിലും 24 മുതല്‍ 26 വരെ സീറ്റാണ് ലഭിക്കുക. എന്‍ഡിഎക്ക് രണ്ട് മുതല്‍ നാല് വരെ സീറ്റ് ലഭിച്ചേക്കാമെന്നും പ്രീ പോള്‍ സര്‍വേ പറയുന്നു.

അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം പേരും പിണറായി വിജയനെ പിന്തുണച്ചു. ഉമ്മന്‍ചാണ്ടിയെന്ന് 18 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഒന്‍പത് ശതമാനം പേരുടെ പിന്തുണയോടെ ശശി തരൂര്‍ മൂന്നാമതെത്തി. മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് ഏഴ് ശതമാനം പേരുടെ പിന്തുണയുണ്ട്. രമേശ് ചെന്നിത്തലയ്ക്കും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ആറ് ശതമാനം പേരുടെ വീതം പിന്തുണ കിട്ടി. മുല്ലപ്പള്ളി രാമചന്ദ്രന് നാല് ശതമാനം പേരുടെയും പി കെ കുഞ്ഞാലിക്കുട്ടിക്ക് രണ്ട് ശതമാനം പേരുടെയും പിന്തുണ ലഭിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് 51 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ മികച്ച നേട്ടമായി സൗജന്യ ഭക്ഷ്യകിറ്റിനെ 34 ശതമാനം പേര്‍ വിലയിരുത്തി. 27 ശതമാനം പേര്‍ ക്ഷേമ പെന്‍ഷനും 18 ശതമാനം പേര്‍ കോവിഡ് പ്രവര്‍ത്തനത്തെയും വിലയിരുത്തി. ഇടതു സര്‍ക്കാരിന്റെ വലിയ പരാജയമായി 34 ശതമാനം പേരും ശബരിമല വിഷയമാണ് ഉയര്‍ത്തിക്കാട്ടിയത്. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനത്തിന് പത്തില്‍ 5.2 മാര്‍ക്കാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ നല്‍കിയത്.

അതേസമയം, ട്വന്റിഫോറിന്റെ കേരള പോള്‍ ട്രാക്കര്‍ സര്‍വേയില്‍ പങ്കെടുത്ത 42.38 ശതമാനം പേര്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുമെന്നാണ് അഭിപ്രായപ്പെട്ടത്. എല്‍ഡിഎഫിന് 68 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ പറയുന്നു. സര്‍വേയുടെ ഭാഗമായ 40.72 ശതമാനം പേര്‍ യുഡിഎഫിന് 62 മുതല്‍ 72 സീറ്റുകള്‍ വരെ ലഭിക്കാമെന്ന് അഭിപ്രായപ്പെട്ടു. ബിജെപിക്ക് ഒന്നോ രണ്ടോ സീറ്റുകള്‍ ലഭിക്കുമെന്ന് 16.9 ശതമാനം ആളുകള്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular