ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് രണ്ടാം വാര്‍ഷികം. 2019 ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തെ ഭീകരര്‍ ആക്രമിച്ചത്. രണ്ടാം വാര്‍ഷിക ദിനത്തില്‍ പുല്‍വാമയില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് രാജ്യം ആദരവ് അര്‍പ്പിച്ചു.
പുല്‍വാമയില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീര രക്തസാക്ഷികളെ നമിക്കുന്നു. സൈനികരുടെ അസാധാരണ ധൈര്യവും അതുല്യമായ ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ല- അമിത് ഷാ ട്വീറ്റ് ചെയ്തു.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തുടങ്ങിയവരും സൈനികര്‍ക്ക് പ്രണാമം അര്‍പ്പിച്ചു. രാജ്യത്തിനായി ജീവന്‍ ബലിനല്‍കിയ ധീരജവാന്മാരെ ഒരിക്കലും മറക്കില്ലെന്നാണ് രാജ്‌നാഥ് സിംഗ് അടക്കമുള്ളവര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.
പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. 40 ജവാന്മാര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ചിരുന്നു.