ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ വധിക്കാന്‍ പാക് ഭീകരര്‍ നീക്കമിടുന്നതായി വിവരം. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓഫീസിലും പരിസരങ്ങളിലും ജാഗ്രതയും നിരീക്ഷണവും കടുപ്പിച്ചു.
കശ്മീരില്‍ പിടിയിലായ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഹിദായത്തുള്ള മാലിക്കാണ് ഡോവലിനെ പാക് ഭീകരര്‍ ഉന്നമിടുന്നതായുള്ള വെളിപ്പെടുത്തലിന് പിന്നില്‍. ഷോപ്പിയാന്‍ നിവാസിയായ ഹിദായത്തുള്ള മാലിക്കിനെ ഫെബ്രുവരി ആറിനാണ് ജമ്മു കശ്മീര്‍ പൊലീസ് പിടികൂടിയത്.
2019 മേയില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിയ താന്‍ ഡോവലിന്റെ ഓഫീസിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം സിഐഎസ്എഫിന്റെ സുരക്ഷാ ക്രമീകരണങ്ങളും പകര്‍ത്തി പാകിസ്ഥാനിലുള്ള ഭീകര നേതാവിന് വാട്‌സാപ്പ് വഴി അയച്ചുകൊടുത്തെന്നാണ് ഹിദായത്തുള്ള മാലിക് ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. പാകിസ്ഥാനിലിരുന്ന് തന്നെ നിയന്ത്രിച്ചയാളെ ഡോക്ടര്‍ എന്നാണ് വിളിക്കുന്നതെന്നും മാലിക് പറഞ്ഞതായി അറിയുന്നു. ഡല്‍ഹിയിലെ മറ്റു സുപ്രധാന സ്ഥലങ്ങളും താന്‍ വീഡിയോയില്‍ ചിത്രീകരിച്ചതായും മാലിക്ക് വെളിപ്പെടുത്തി. ഡല്‍ഹിയില്‍ നിന്ന് ബസിലാണ് മാലിക്ക് കശ്മീരിലേക്ക് മടങ്ങിയത്.
2016ലെ ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്കിനും 2019ലെ ബാലക്കോട്ട് ആക്രമണത്തിനും പിന്നിലെ ബുദ്ധികേന്ദ്രമായ അജിത് ഡോവല്‍ പാക് ഭീകരരുടെ അന്തകനായാണ് കരുതപ്പെടുന്നത്. ജെയ്‌ഷെ മുഹമ്മദ് തലവനും കൊടുംഭീകരനുമായ മസൂദ് അസറിനെ 1994ല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കിയത് ഡോവലാണ്. അതിനാല്‍ത്തന്നെ ഡോവലിനോട് മസൂദിന് വ്യക്തിപരമായ വൈരാഗ്യമുണ്ട്. ഇതാണ് ഭീകരരെ ഡോവലിനോട് പ്രതികാരത്തിന് പ്രേരിപ്പിക്കുന്നതെന്ന് കണക്കാക്കപ്പെടുന്നു.