ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാങ്‌ഗോങ് തടാക കരയില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനകളുടെ പിന്മാറ്റം തുടങ്ങിയെന്ന് സൂചന. ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ലഡാക്കിലെ ഇപ്പോഴത്തെ നിലയെപ്പറ്റി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും.
പാങ്‌ഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് തീരങ്ങളില്‍ നിന്നാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ പിന്മാറാന്‍ ആരംഭിച്ചത്. ഇരു രാജ്യങ്ങളും തുല്യ നിലയിലെ സൈനികരെയാണ് പിന്‍വലിക്കുന്നതെന്നാണ് വിവരം. ഒമ്പതാംവട്ട കമ്മാന്‍ഡര്‍തല ചര്‍ച്ചയിലെ ധാരണകള്‍ അനുസരിച്ചാണ് ഇപ്പോഴത്തെ നടപടി. നവംബറില്‍ സൈനിക പിന്മാറ്റത്തിന് രണ്ടു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നെങ്കിലും ചൈനീസ് വിമുഖത സമാധാന നീക്കങ്ങളെ പിന്നോട്ടടിച്ചിരുന്നു. തുടര്‍ന്ന് സൈനികരെ പിന്‍വലിക്കില്ലെന്ന് ഇന്ത്യയും വ്യക്തമാക്കി.
മേയില്‍ ലഡാക്ക് അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണരേഖ ലംഘിക്കാനുള്ള ചൈനീസ് പട്ടാളത്തിന്റെ നീക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് ഗാല്‍വനിലെ കായികമായ ഏറ്റുമുട്ടലില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചു. ഇന്ത്യന്‍ സൈനികരുടെ പ്രതിരോധം മറികടക്കാന്‍ സാധിക്കാതെ ചൈനീസ് പട്ടാളത്തിന് പിന്മാറേണ്ടിയുംവന്നിരുന്നു.