ശശികല വാശിയില്‍; അണ്ണാഡിഎംകെയില്‍ ചേരിപ്പോര്

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷത്തെ ജയില്‍ശിക്ഷ പൂര്‍ത്തിയാക്കി മോചിതയായ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തിരിച്ചുവരവവിന് കച്ചമുറുക്കുമ്പോള്‍ എഐഎഡിഎംകെയില്‍ ചേരിപ്പോര് രൂക്ഷമാകുന്നു. ശശികലയെ അനുനയിപ്പിക്കാന്‍ അണ്ണാഡിഎംകെ നേതാക്കള്‍ നടത്തിയ ശ്രമം ഫലംകണ്ടില്ല. ശശികലയെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയ ചില നേതാക്കളെ എഐഎഡിഎംകെ പുറത്താക്കിയതും പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുന്നു.

മുന്‍ മുഖ്യമന്ത്രിയും ദ്രാവിഡ രാഷ്ട്രീയത്തിലെ കരുത്തയുമായിരുന്ന ജയലളിതയുടെ മരണശേഷം ശശികല അണ്ണാഡിഎംകെയുടെ നിയന്ത്രണം പിടിച്ചെടുക്കുമെന്നാണ് കരുതപ്പെട്ടത്. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി പദത്തിലെത്തിയ ശശികല അതിലേക്ക് ആദ്യ ചുവടുംവച്ചു. പക്ഷേ, അനധികൃതസ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ചിന്നമ്മ എന്നറിയപ്പെടുന്ന ശശികലയുടെ അടിതെറ്റി. അധികംവൈകാതെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെടുകയും ചെയ്തു. അതിനെല്ലാം പകതീര്‍ക്കാന്‍ ശശികല തയാറെടുക്കുന്നതായാണ് വിവരം.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വും തമ്മിലെ അഭിപ്രായ ഭിന്നതകളിലാണ് ശശികല കണ്ണുവയ്ക്കുന്നത്. ശശികലയെ പാര്‍ട്ടില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പനീര്‍ശെല്‍വത്തിന്റെ തട്ടകമായ തേനിയില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നതും മാറ്റത്തിന്റെ കാറ്റിനുള്ള സൂചനയാണ്. പനീര്‍ശെല്‍വം പക്ഷത്തിലെ പല നേതാക്കളും ശശികലയെ തിരിച്ചുവിളിക്കണമെന്ന നിലപാട് കൈക്കൊണ്ടുകഴിഞ്ഞു.

ശശികല വിഭാഗവുമായുള്ള ലയനത്തിന് അണ്ണാഡിഎംകെ താല്‍പര്യം അറിയിച്ചെങ്കിലും ആ ശ്രമം ലക്ഷ്യത്തിലെത്തിയിട്ടില്ല. പാര്‍ട്ടി നേതാക്കളെ കാണാന്‍ വിസമ്മതിച്ച ശശികല അല്‍പ്പം വാശിയില്‍ തന്നെയാണ്. എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം വിളിക്കാന്‍ ശശികല നീക്കം ആരംഭിച്ചെന്നും പറയുന്നു. അതിനിടെ, എഐഎഡിഎംകെയുടെ പിളര്‍പ്പ് ഒഴിവാക്കാന്‍ സഖ്യകക്ഷിയായ ബിജെപി പ്രയത്‌നമാരംഭിച്ചിട്ടുണ്ട്. പിളര്‍പ്പ് ഒഴിവാക്കണമെന്നാണ് അണ്ണാഡിഎംകെ നേതാക്കളോട് ബിജെപി ഉന്നയിച്ചിരിക്കുന്ന ആവശ്യം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7