ന്യൂഡല്‍ഹി: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും. ഹാല്‍ദിയയില്‍ നടന്ന ഓയില്‍ വ്യാപാരികളുടെ സമ്മേളനത്തിനിടെ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി ഏഴിനാണ് പ്രധാനമന്ത്രി ബംഗാള്‍ സന്ദര്‍ശിക്കുക. 4,742 കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന ഓയില്‍, ഗ്യാസ്, റോഡ് പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇതിന് പുറമേ പെട്രോളിയം പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മ്മവും മോദി നിര്‍വ്വഹിക്കും.
വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് നിഗമനം. കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്ന ആക്ഷേപം ബംഗാളില്‍ സജീവമായിരുന്നു. ജനുവരിയില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പങ്കെടുക്കാനും പ്രധാനമന്ത്രി ബംഗാള്‍ സന്ദര്‍ശിച്ചിരുന്നു.