കൊല്‍ക്കത്ത: മന്ത്രിസ്ഥാനം രാജിവച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് രജിബ് ബാനര്‍ജി എംഎല്‍എ പദവും ഉപേക്ഷിച്ചു. ബിജെപിയില്‍ ചേക്കേറുന്നതിന് മുന്നോടിയായാണ് അദ്ദേഹം നിയമസഭാംഗത്വം രാജിവച്ചതെന്ന് അഭ്യൂഹമുണ്ട്.
സ്പീക്കര്‍ ബിമന്‍ ബാനര്‍ജിയെ നേരില്‍ കണ്ടാണ് രജിബ് ബാനര്‍ജി കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ചത്. മണ്ഡലമായ ദോംജുറിലെ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്ന് രജിബ് ബാനര്‍ജി പറഞ്ഞു.
പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെ തൃണമൂല്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിന്ധിയെ അഭിമുഖീകരിക്കുകയാണ്. മമതയുടെ വലംകൈയും മുന്‍ മന്ത്രിയുമായ സുവേന്ദു അധികാരി നേരത്തെ പാര്‍ട്ടി വിട്ടിരുന്നു. എംഎല്‍എമാരടക്കം പത്തോളം നേതാക്കള്‍ ഇതുവരെ തൃണമൂല്‍ ബന്ധം ഉപേക്ഷിച്ചുകഴിഞ്ഞു. വിമതശബ്ദം ഉയര്‍ത്തിയ ചില നേതാക്കളെ മമത പുറത്താക്കിയതും തൃണമൂലിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്.