അവകാശലംഘന നോട്ടീസില്‍ ധനമന്ത്രിയ്ക്ക് ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസില്‍ ധനമന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ്. പരാതിയില്‍ കഴമ്പില്ലെന്നാണ് പ്രിവിലജസ് ആന്‍ഡ് എത്തിക്‌സ് കമ്മറ്റിയുടെ റിപ്പോര്‍ട്ട്. മൂന്ന് പ്രതിപക്ഷാംഗങ്ങളുടെ വിയോജിപ്പോടെയാണ് റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചത്.

ധനമന്ത്രി തോമസ് ഐസക്കിനെതിരേ വി. ഡി സതീശന്‍ നല്‍കിയ അവകാശ ലംഘന നോട്ടീസിന്‍മേലാണ് പ്രിവിലജസ് ആന്‍ഡ് എത്തിക്‌സ് കമ്മറ്റി അന്വേഷണം നടത്തിയത്.

ധനമന്ത്രി അവകാശ ലംഘനം നടത്തി, സത്യ പ്രതിജ്ഞാ ലംഘനം നടത്തി, ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനം നടത്തി. ഇത് സഭയോടുള്ള അവഹേളനമാണ്. അതുകൊണ്ട് എത്തിക്‌സ് കമ്മറ്റി പരിശോധിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

എന്നാല്‍ അന്വേഷണത്തില്‍ ഇക്കാര്യത്തില്‍ ധനമന്ത്രി പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടതായി എത്തിക്‌സ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

സിഎജി ചട്ടവിരുദ്ധമായി പെരുമാറി. കീഴ്വഴക്കങ്ങളുടെ ലംഘനമുണ്ടായി. അസാധാരണ സാഹചര്യം സൃഷ്ടിച്ചു എന്ന് ധനമന്ത്രി പറയുന്നത് ശരിയാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഈ പ്രശ്‌നത്തെ കേവലം ഒരു അവകാശലംഘന പ്രശ്‌നം മാത്രമാക്കുന്നത് യുക്തിസഹമല്ല. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു സാഹചര്യമുണ്ടായിട്ടില്ല. അതിനാല്‍ രാജ്യസഭയുടെ എത്തിക്‌സ് കമ്മറ്റിയുടെ നിരീക്ഷണമാണ് തങ്ങളുടെ കണ്ടെത്തലിന് അടിസ്ഥാനമായി എത്തിക്‌സ് കമ്മറ്റി ചൂണ്ടിക്കാട്ടുന്നത്.

രാജ്യസഭയുടെ പ്രിവിലജസ് കമ്മറ്റിയുടെ 65ാം റിപ്പോര്‍ട്ടില്‍ സിഎജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സഭയില്‍വെക്കുന്നതിന് മുമ്പ് പുറത്ത് വരുന്നത് അവകാശങ്ങളുടെ ലംഘനമല്ല എന്ന് നിരീക്ഷിച്ചിട്ടുണ്ട്. ഇതെടുത്ത് പരിശോധിക്കുമ്പോള്‍ ധനമന്ത്രി പറയുന്ന വാദങ്ങള്‍ കമ്മറ്റിക്ക് ബോധ്യപ്പെടുന്നുവെന്നാണ് കമ്മറ്റി പറയുന്നത്. അതിനാല്‍ ധനമന്ത്രിക്കെതിരേ അവകാശ ലംഘന പരാതിയില്‍ തുടര്‍നടപടികള്‍ വേണ്ട എന്ന റിപ്പോര്‍ട്ടാണ് കമ്മറ്റി സഭയുടെ മേശപ്പുറത്ത വെച്ചത്.

എത്തിക്‌സ കമ്മറ്റിയിലെ മോന്‍സ് ജോസഫ്, വിഎസ് ശിവകുമാര്‍ അനൂപ് ജേക്കബ് എന്നീ മൂന്നംഗങ്ങള്‍ വിയോജനക്കുറിപ്പ് രേഖാ മൂലം നല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular