ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 58 ആക്കണമെന്നും പെന്‍ഷന്‍ വര്‍ധനവിന്റെ തോത് കുറയ്ക്കണമെന്നും ശുപാര്‍ശ

തിരുവനന്തപുരം: ജീവനക്കാരുടെ പെൻഷൻപ്രായം 56-ൽനിന്ന് 58 ആക്കണമെന്ന് സർക്കാരിന്റെ ചെലവ് അവലോകനം ചെയ്യുന്ന കമ്മിറ്റി ശുപാർശചെയ്തു. സർക്കാരിന്റെ വരവും ചെലവും തമ്മിലുള്ള അന്തരംകുറയ്ക്കാൻ ജീവനക്കാരുടെ ശമ്പളവും പെൻഷനും വർധിപ്പിക്കുന്നതിന്റെ നിരക്ക് കുറയ്ക്കണമെന്നും ശുപാർശയിലുണ്ട്.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ ഡയറക്ടർ ഡോ. ഡി. നാരായണ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോർട്ട് ബജറ്റുരേഖകൾക്കൊപ്പം സർക്കാർ നിയമസഭയിൽ സമർപ്പിച്ചു. നേരത്തേ പല വിദഗ്ധസമിതികളും പെൻഷൻപ്രായം വർധിപ്പിക്കാൻ ശുപാർശ ചെയ്തിരുന്നുവെങ്കിലും സർക്കാർ അംഗീകരിച്ചില്ല.

പതിനൊന്നാം ശമ്പളപരിഷ്കരണ കമ്മിഷൻ ശുപാർശകൾ സമർപ്പിക്കാനിരിക്കേയാണ് ചെലവ് അവലോകന കമ്മിറ്റി (എക്‌സ്‌പെൻഡിച്ചർ റിവ്യൂ കമ്മിറ്റി) റിപ്പോർട്ട് നൽകിയത്. ശമ്പളക്കമ്മിഷനുവേണ്ടി സംസ്ഥാനത്തിന്റെ ധനസ്ഥിതി അവലോകനംചെയ്ത് റിപ്പോർട്ട് നൽകിയതും ഈ കമ്മിറ്റിയുടെ അധ്യക്ഷനായ ഡി. നാരായണ ആയിരുന്നു. മുൻവർഷങ്ങളിലെ ശമ്പളവർധന ഇത്തവണ ഉണ്ടാവില്ല.

ശമ്പളവും പെൻഷനും പത്തുശതമാനത്തിലേറെ കൂട്ടുന്നതിനുപകരം അഞ്ചുശതമാനത്തിലേക്ക്‌ താഴ്ത്തിയാൽ റവന്യൂക്കമ്മിയും ധനക്കമ്മിയും ഗണ്യമായി കുറയ്ക്കാനാവുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പെൻഷൻ, ശമ്പളം, പലിശ എന്നിവ വർധിക്കുന്നതിന്റെ തോത് കുറച്ചില്ലെങ്കിൽ കോവിഡ് ഏല്പിച്ച സാമ്പത്തികപ്രതിസന്ധിയിൽനിന്ന് എന്ന് കരകയറുമെന്ന് പറയാനാവില്ല. ഒന്നുകിൽ വരുമാനം വർധിപ്പിക്കണം. അല്ലെങ്കിൽ ശമ്പളവും പെൻഷനും വർധിപ്പിക്കുന്നതിന്റെ തോത് കുറയ്ക്കണം. അല്ലെങ്കിൽ ഇതുരണ്ടും ചേർന്ന സമീപനം സ്വീകരിക്കണം.

തദ്ദേശസ്ഥാപനങ്ങൾ കെട്ടിനികുതി കൂട്ടണമെന്നും ജലഅതോറിറ്റി വെള്ളക്കരം കൂട്ടണമെന്നും കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.

അടുത്തവർഷം ശമ്പളത്തിനുവേണം 11,737 കോടി രൂപ അധികം

ഇത്തവണ ബജറ്റിൽ അടുത്തവർഷത്തെ ശമ്പളത്തിനായി നീക്കിവെച്ചത് 39,845 കോടി രൂപ. നടപ്പുവർഷത്തെക്കാൾ 11,737 കോടി രൂപ അധികമാണിത്. നടപ്പുവർഷം നീക്കിവെച്ചത് 28,108 കോടി രൂപയാണ്.

ശമ്പളപരിഷ്കരണം നടപ്പാക്കാനാണ് കൂടുതൽതുക വകയിരുത്തിയത്. ശമ്പള പരിഷ്‌കരണക്കമ്മിഷന്റെ ശുപാർശയുടെ അടിസഥാനത്തിൽ ഏപ്രിൽമുതൽ ശമ്പളവും പെൻഷനും കൂട്ടുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

അടുത്ത സാമ്പത്തികവർഷം പെൻഷൻനൽകാൻ വകയിരുത്തിയത് 23,105 കോടി രൂപയാണ്. നടപ്പുവർഷം പരിഷ്‌കരിച്ച എസ്റ്റിമേറ്റ് അനുസരിച്ച് പെൻഷനുവേണ്ടത് 19,412 കോടി രൂപയാണ്. അടുത്തവർഷം 3693 കോടി രൂപ അധികംവേണം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7