ഓസ്‌ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

ബ്രിസ്‌ബെയ്ന്‍ : ഓസ്‌ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 369 റണ്‍സ് പിന്തുടരുന്ന ഇന്ത്യയ്ക്ക് 186 റണ്‍സിനിടെ ആറു വിക്കറ്റ് നഷ്ടമായി. 80 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. നാലു വിക്കറ്റ് കയ്യിലിരിക്കെ ഇപ്പോഴും ഓസീസ് സ്‌കോറിനേക്കാള്‍ 144 റണ്‍സ് പിന്നില്‍. വാഷിങ്ടണ്‍ സുന്ദര്‍ (29), ഷാര്‍ദുല്‍ താക്കൂര്‍ (15) എന്നിവര്‍ ക്രീസില്‍. പിരിയാത്ത ഏഴാം വിക്കറ്റില്‍ ഇരുവരും ഇതുവരെ 39 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ചേതേശ്വര്‍ പൂജാര (94 പന്തില്‍ 25), ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (93 പന്തില്‍ 37), മായങ്ക് അഗര്‍വാള്‍ (75 പന്തില്‍ 38), ഋഷഭ് പന്ത് (29 പന്തില്‍ 23) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഓസ്‌ട്രേലിയയ്ക്കായി ജോഷ് ഹെയ്‌സല്‍വുഡ് മൂന്നു വിക്കറ്റ് വീഴ്ത്തി. 18 ഓവറില്‍ അഞ്ച് മെയ്ഡന്‍ ഓവറുകള്‍ സഹിതം 29 റണ്‍സ് മാത്രം വഴങ്ങിയാണ് ഹെയ്‌സല്‍വുഡ് മൂന്നു വിക്കറ്റെടുത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയോണ്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു

നേരത്തെ, പരുക്കില്‍ വലഞ്ഞു നില്‍ക്കുന്ന ഇന്ത്യയോടു കരുണ കാട്ടിയതു മഴമേഘങ്ങള്‍ മാത്രം. ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റിന്റെ 2ാം ദിനം ചായയ്ക്കുശേഷം ഒരു പന്തുപോലും എറിയാനായില്ല. ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു പരുങ്ങിയ ഇന്ത്യയെ കൂടുതല്‍ പരുക്കേല്‍പ്പിക്കാതെ മഴ രക്ഷിച്ചു. ശുഭ്മാന്‍ ഗില്ലിനെ (7) പുറത്താക്കി പാറ്റ് കമ്മിന്‍സ് ഇന്ത്യയെ ഞെട്ടിച്ചെങ്കിലും 2ാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു രോഹിത് ശര്‍മയും (44) ചേതേശ്വര്‍ പൂജാരയും ഇന്ത്യയെ നയിച്ചു. നേഥന്‍ ലയണിനെതിരെ ആവേശം കാട്ടി രോഹിത് പുറത്തായി. ലയണിനെ ക്രീസില്‍ നിന്നിറങ്ങി പൊക്കിയടിക്കാന്‍ ശ്രമിച്ച രോഹിത് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കയ്യിലൊതുങ്ങി.

5ന് 274ല്‍ ഇന്നലെ 2ാം ദിനം തുടങ്ങിയ ഓസീസിനായി ക്യാപ്റ്റന്‍ ടിം പെയ്ന്‍ അര്‍ധ സെഞ്ചുറി നേടി. ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ടി.നടരാജനും വാഷിങ്ടന്‍ സുന്ദറും തന്റെ 2ാം ടെസ്റ്റിന് ഇറങ്ങിയ ഷാര്‍ദൂല്‍ ഠാക്കൂറും 3 വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യയ്ക്കായി തിളങ്ങി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു. പെയ്ന്‍ (50) കാമറൂണ്‍ ഗ്രീന്‍ (47) സഖ്യം 6ാം വിക്കറ്റില്‍ 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പെയ്‌നെ പുറത്താക്കി ഷാര്‍ദൂലാണു ബ്രേക്ക്ത്രൂ നേടിയത്. 4 റണ്‍സിനിടെ 3 വിക്കറ്റ് നഷ്ടപ്പെട്ട് ആതിഥേയര്‍ 8ന് 315ലേക്കു വീണെങ്കിലും ലയണും (24) സ്റ്റാര്‍ക്കും (24) പൊരുതിയതോടെ ഓസീസ് സ്‌കോര്‍ 350 കടന്നു.

pathram:
Leave a Comment