കൊച്ചി: മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ പാറാവുനിന്ന വനിത പൊലീസിനെതിരെ നടപടിയെടുത്ത സംഭവം വിവാദമായതിനു പിന്നാലെ ഡിസിപി ഐശ്വര്യ ഡോങ്റെക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്.
സംഭവം വാർത്തയാകുകയും ഇവർ പ്രതികരിക്കുകയും ചെയ്തത് സംസ്ഥാന സ്പെഷൽ ബ്രാഞ്ച് സർക്കാരിന് പതിവുപോലെ റിപ്പോർട്ടു ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് താക്കീത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസർ കൂടിയായ ഇവരുടെ പെരുമാറ്റം അതിരു കടന്നതായിപ്പോയി എന്നാണ് മേലുദ്യോഗസ്ഥരുടെയും വിലയിരുത്തൽ.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ മഫ്തിയിൽ എറണാകുളം നോർത്തിലുള്ള വനിത പൊലീസ് സ്റ്റേഷനിൽ അടിയന്തര സന്ദർശനത്തിനെത്തുന്നത്. വാഹനം നോർത്ത് സ്റ്റേഷനു മുന്നിൽ പാർക്കു ചെയ്തശേഷം നടന്നു സമീപത്തുള്ള സ്റ്റേഷനിലേക്ക് കയറുകയായിരുന്നു. അധികാര ഭാവത്തിൽ സ്റ്റേഷനിലേക്ക് ഇടിച്ചു കയറുന്ന യുവതിയെക്കണ്ട് പാറാവുനിന്ന വനിത പൊലീസ് തടഞ്ഞു ചോദ്യം ചെയ്തു.
ഇത് ഇഷ്ടപ്പെടാതിരുന്ന ഡിസിപി ഔദ്യോഗിക വാഹനത്തിൽ വന്നിട്ടും തന്നെ തിരിച്ചറിഞ്ഞില്ലെന്നതിന് വിശദീകരണം ചോദിച്ചു. വാഹനത്തിൽ വന്നതു കണ്ടില്ലെന്നും സിവിൽ വേഷത്തിലായതിനാൽ തിരിച്ചറിഞ്ഞില്ലെന്നുമുള്ള വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെ ഇവരെ രണ്ടു ദിവസത്തേക്ക് ട്രാഫിക് ഡ്യൂട്ടിയിലേക്ക് സ്ഥലം മാറ്റി. ഇതിനെക്കുറിച്ച് മാധ്യമ പ്രവർത്തകരോട് ഡിസിപി തന്നെ കഴിഞ്ഞ ദിവസം വിശദീകരിക്കുകയും ചെയ്തിരുന്നു.
അതേസമയം, കൊച്ചി സിറ്റി പൊലീസിൽ ചുമതലയേറ്റിട്ട് പത്തു ദിവസം പോലും സ്ഥലത്തില്ലാതിരുന്ന ഉയർന്ന ഉദ്യോഗസ്ഥയെ സിവിൽ പൊലീസ് ഓഫിസർ എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യമാണ് പൊലീസുകാർക്കിടയിൽനിന്ന് ഉയരുന്നത്. പുതുവർഷത്തിൽ ചുമതലയേറ്റെങ്കിലും മറ്റു പല കാരണം കൊണ്ടും അഞ്ചു ദിവസത്തിലേറെ തിരുവനന്തപുരത്തു തന്നെയായിരുന്നു ഐശ്വര്യ.
പൊലീസുകാരുമായി കൂടിക്കാഴ്ചയോ പരേഡ് പരിശോധനയോ ഒന്നും നടത്താനും സമയം കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിൽ മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്നു പറയുന്നതിൽ ന്യായമില്ലെന്നും പൊലീസുകാർ പറയുന്നു. സാധാരണ നിലയിൽ മേലുദ്യോഗസ്ഥരുടെ മാറ്റം പോലും സാധാരണ പൊലീസുകാർ അറിയുന്നത് മാധ്യമങ്ങളിലൂടെയും മറ്റുമാണ്.
സ്റ്റേഷനിൽ പരിശോധനയ്ക്കോ എന്തെങ്കിലും ആവശ്യത്തിനോ എത്തിയാൽ കാണുമെന്നല്ലാതെ ഇവരുടെ മുന്നിൽ ഒരു കാരണവശാലും ചെന്നുപെടാറില്ലെന്നും പൊലീസുകാർ വിശദീകരിക്കുന്നു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ വളപ്പിൽ വാഹനം പാർക്കു ചെയ്ത ശേഷമാണ് ഡിസിപി സമീപത്തുള്ള വനിത സ്റ്റേഷനിലേക്കു നടന്നു ചെല്ലുന്നത്.
അവിടെ പാർക്കു ചെയ്ത വാഹനം വനിതാ പൊലീസ് സ്റ്റേഷനിലെ പാറാവുകാരി കാണാനുള്ള സാധ്യതയും വളരെ കുറവാണ്. കുറച്ച് ഉള്ളിലായാണ് വനിത സ്റ്റേഷനിലെ പാറാവുകാർ നിൽക്കുന്നത്. അതുകൊണ്ടു തന്നെ അൽപം മാറി പാർക്കു ചെയ്ത് ഇറങ്ങി വരുന്ന മേലുദ്യോഗസ്ഥയെ തിരിച്ചറിയണമായിരുന്നു എന്ന ഡിസിപിയുടെ വാദം അംഗീകരിക്കാനാവില്ലെന്നും ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥയുടെ സഹപ്രവർത്തകർ പറയുന്നു.
കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിശദ വിവരങ്ങൾ ആരാഞ്ഞ ശേഷം അകത്തു പ്രവേശിപ്പിക്കുന്നത് അഭിനന്ദിച്ചിരുന്നെങ്കിൽ ഡിസിപിയെ എല്ലാവരും അംഗീകരിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. പകരം കൊച്ചിയിൽ ചുമതലയേറ്റത് എല്ലാവരെയും അറിയിക്കുന്നതിനു പ്രയോഗിച്ച ‘പൊടിക്കൈ’ അൽപം പാളിപ്പോയതാണെന്നും പൊലീസുകാർ അടക്കം പറയുന്നുണ്ട്.