കെട്ടിച്ചമച്ച പരാതി: കടയ്ക്കാവൂര്‍ സംഭവം അസ്വസ്ഥയാക്കുന്നു: മന്ത്രി ശൈലജ

കടയ്ക്കാവൂര്‍ പോക്സോ കേസിന്റെ നിജസ്ഥിതി ശിശുക്ഷേമസമിതിയും അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി. കേസും കെട്ടിച്ചമച്ച പരാതിയെന്ന ആരോപണവും ഏറെ അസ്വസ്ഥതയുണ്ടാക്കിയെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

ഭര്‍ത്താവിന്റെ രണ്ടാംവിവാഹത്തെ എതിര്‍ത്തതും ജീവനാംശത്തിനായി പരാതി നല്‍കിയതുമാണ് മകനെ ഉപയോഗിച്ച് പീഡനപരാതി കെട്ടിച്ചമച്ചതിന് കാരണമെന്ന് അറസ്റ്റിലായ യുവതിയുടെ മാതാപിതാക്കൾ പറയുന്നു‍. ജ്യേഷ്ഠനെ ഭീഷണിപ്പെടുത്തിയാണ് അമ്മയ്ക്കെതിരെ മൊഴി നല്‍കിച്ചതെന്ന് ഇളയ കുട്ടി വെളിപ്പെടുത്തിയതും ഉന്നത ഇടപെടലിന് വഴിയൊരുക്കി. പൊലീസിന്റെ വീഴ്ച വനിതാകമ്മിഷനും ചൂണ്ടിക്കാട്ടി.

അറസ്റ്റിലായ യുവതിയുടെ ഇളയമകന്റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന തരത്തിലാണ് യുവതിയും ഭര്‍ത്താവും തമ്മിലുള്ള കുടുംബപ്രശ്നങ്ങള്‍. മൂന്ന് വര്‍ഷമായി കുടുംബം വേര്‍പ്പെട്ട് കഴിയുകയാണ്. ഇതിനിടെ വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചു. അതിനെ എതിര്‍ത്തതോടെ ഭീഷണി തുടങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

രണ്ടാം വിവാഹത്തിന് ശേഷം മൂന്ന് മക്കളുമായി ഭര്‍ത്താവ് വിദേശത്ത് പോയിരുന്നു. അവിടെവച്ച് മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട് ചോദ്യം ചെയ്തപ്പോഴാണ് വര്‍ഷങ്ങളായി നടക്കുന്ന പീഡനവിവരം പറഞ്ഞതെന്നാണ് മൊഴി. രഹസ്യമൊഴിയുള്‍പ്പെടെ രേഖപ്പെടുത്തിയാണ് അറസ്റ്റെന്ന് പൊലീസും വിശദീകരിക്കുന്നു. എന്നാല്‍ കുടുംബപ്രശ്നമോ മൊഴിയിലെ പൊരുത്തക്കേടുകളോ അന്വേഷിക്കാന്‍ പൊലീസ് തയാറായില്ല. പരാതിയുമായി ചെന്നപ്പോള്‍ പൊലീസുദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പരാതിപ്പെടുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular