കാടിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിക്കും പിഞ്ചുകുഞ്ഞിനും ദാരുണ അന്ത്യം

നിലമ്പൂര്‍ : കാടിനുള്ളില്‍ പ്രസവത്തെ തുടര്‍ന്ന് ചോലനായ്ക്ക വിഭാഗത്തില്‍ പെട്ട ആദിവാസി യുവതിക്കും പിഞ്ചു കുഞ്ഞിനും ദാരുണ അന്ത്യം. യുവതിയുടെ മരണവും സംസ്‌കാരവും കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷമാണ് സംഭവം ആരോഗ്യ പ്രവര്‍ത്തകര്‍ അറിയുന്നതു തന്നെ.

കരുളായിയില്‍ നെടുങ്കയത്തു നിന്ന് 20 കിലോമീറ്റര്‍ ഉള്‍കാടിനുള്ളിലെ മണ്ണളയിലാണ് സംഭവം. ചോലനായ്ക്കനായ മോഹനന്റെ ഭാര്യ നിഷ എന്ന ചക്കി(38)യും അവരുടെ ആണ്‍കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ പ്രസവത്തിനു ശേഷം കുഞ്ഞിന് പാലു നല്‍കിയതിനു പിന്നാലെ നിഷ മരിക്കുകയായിരുന്നെന്ന് മോഹനന്‍ പറയുന്നു.

നിഷ മരിച്ച് രണ്ടു ദിവസം കുഞ്ഞിനെ നോക്കിയെങ്കിലും ശനിയാഴ്ച വൈകുന്നേരത്തോടെ കുഞ്ഞും മരിച്ചു. കുഞ്ഞിന്റെ മൂക്കില്‍ നിന്ന് രക്തം വന്നിരുന്നു. നിഷയ്ക്ക് ഗര്‍ഭകാലത്ത് വേണ്ടത്ര മരുന്നുകളൊ പരിചരണങ്ങളൊ ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. നിഷയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. നേരത്തെ ഒരു പ്രസവവും കാട്ടില്‍ തന്നെയായിരുന്നു. അതേ സമയം പ്രസവം ആശുപത്രിയിലാക്കണമെന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് ഇത്തരത്തിലുള്ള മരണങ്ങള്‍ക്ക് ഇടയാക്കുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്.

നിഷയുടെ പ്രസവത്തിന്റെ തലേ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ മാഞ്ചീരിയില്‍ ക്യാംപിന് എത്തിയിരുന്നു. ഈ സമയം നിഷയുടെ ബന്ധുക്കളോട് ഇവരെ ആശുപത്രിയില്‍ എത്തിക്കണമെന്ന് നിര്‍ദേശിച്ചിരുന്നതാണ്. ശനിയാഴ്ചയും കാണാഞ്ഞതിനെ തുടര്‍ന്ന് വിളിച്ചു ചോദിച്ചപ്പോഴാണ് നിഷ മരിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് കരുളായി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം കാട്ടില്‍ ഇവരുടെ കുടില്‍ സന്ദര്‍ശിക്കുകയും കുഞ്ഞിനെ പരിശോധിക്കുകയും ചെയ്തിരുന്നു. കുഞ്ഞ് ആരോഗ്യവാനായിരുന്നെന്ന് ഡോക്ടര്‍ പറയുന്നു. കുഞ്ഞിനുള്ള പാല്‍പൊടി ഉള്‍പ്പടെയുള്ള സാധനങ്ങള്‍ നല്‍കിയെന്നും ഡോക്ടര്‍ പറയുന്നു.

പുറംലോകവുമായി ബന്ധം പുലര്‍ത്തുന്നതിന് ഇപ്പോഴും വിമുഖത കാട്ടുന്ന ആദിവാസി ഗോത്ര സമൂഹമാണ് ചോലനായ്ക്കന്‍മാര്‍. ഇവരെ പൊതുസമൂഹത്തിലേയ്ക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ പല പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഉള്‍ക്കാടുകളിലെ പാറകളിലോ ഗുഹകളിലോ കുടിലുകളിലൊ താമസിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവരെ അവിടെത്തന്നെ സുരക്ഷിതമായി താമസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിച്ചു പോരുന്നത്.

ഉള്‍ വനത്തിലേയ്ക്ക് എത്തിപ്പെടുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഇവര്‍ക്കായുള്ള മിക്ക സര്‍ക്കാര്‍ പദ്ധതികളും പാതിവഴിയില്‍ മുടങ്ങുകയോ നടപ്പാകാതെ പോകുകയോ ചെയ്യുന്നതാണ് പതിവ്. പദ്ധതികള്‍ കാര്യക്ഷമമല്ല എന്നതിന്റെ സൂചനയാണ് ആദിവാസി യുവതിയുടെ മരണത്തിലൂടെ വ്യക്തമാകുന്നതെന്നാണ് കരുളായി പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7