കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ ഇളവു തേടി സി.എം. രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. നിരന്തരം നോട്ടീസ് അയച്ച് ഇ.ഡി. ബുദ്ധിമുട്ടിക്കുന്നെന്നും ഇടക്കാല ആശ്വാസമായി ഹൈക്കോടതിയുടെ ചില ഇടപെടലുകൾ ആവശ്യമുണ്ടെന്നും രവീന്ദ്രൻ ഹർജിയിൽ പറയുന്നു.
കൊച്ചിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ മുഖാന്തരമാണ് ഇന്ന് രവീന്ദ്രൻ കോടതിയെ സമീപിച്ചത്.
ചോദ്യം ചെയ്യുന്നതിനുള്ള സമയം കോടതി നിശ്ചയിക്കണം, കസ്റ്റഡിയിൽ ചോദ്യം ചെയ്യരുത്, ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകനെ അനുവദിക്കണം എന്നീ ആവശ്യങ്ങൾ അടിയന്തരമായി അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് രവീന്ദ്രന് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.
അതേസമയം വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ രവീന്ദ്രന് ഇ.ഡി. നോട്ടീസ് അയച്ചിട്ടുണ്ട്. ഇത് നാലാംവട്ടമാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി. രവീന്ദ്രന് നോട്ടീസ് അയക്കുന്നത്.