നിര്‍ത്താതെ പോയത് ഭയന്നിട്ടെന്ന് ലോറി ഡ്രൈവര്‍, ലോഡിറക്കി വാഹനം ഈഞ്ചയ്ക്കലിലേക്ക് മാറ്റി; ദുരൂഹത നീക്കാന്‍ പോലീസ്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിന്റെ അപകടമരണത്തിൽ ലോറി ഡ്രൈവറെ പോലീസ് ചോദ്യംചെയ്യുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഈഞ്ചയ്ക്കലിൽനിന്ന് പിടികൂടിയ ലോറിയും പോലീസ് സ്റ്റേഷനിലെത്തിച്ചു. പ്രദീപിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ഉയർന്നതിനാൽ എല്ലാവശങ്ങളും പരിശോധിക്കാനാണ് പോലീസിന്റെ നീക്കം.

അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കെ.എൽ. 01 സി.കെ. 6949 നമ്പറിലുള്ള ലോറി ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരം ഈഞ്ചയ്ക്കലിൽനിന്നാണ് പോലീസ് പിടികൂടിയത്. ലോറി ഡ്രൈവർ പേരൂർക്കട സ്വദേശി ജോയിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എം.സാൻഡുമായി വെള്ളായണി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് ലോറി ഡ്രൈവർ പോലീസിന് നൽകിയ മൊഴി.

ഭയം കാരണമാണ് നിർത്താതെ പോയത്. അപകടസമയത്ത് ലോറി ഉടമയായ മോഹനനും ഒപ്പമുണ്ടായിരുന്നു. അപകടത്തിന് ശേഷം വെള്ളായണിയിലെത്തി ലോഡ് ഇറക്കിയെന്നും അവിടെനിന്ന് തൃക്കണ്ണാപുരം വഴി പേരൂർക്കടയിലെത്തിയെന്നും ഡ്രൈവർ പോലീസിനോട് പറഞ്ഞു. ഇതിനുപിന്നാലെ ലോറി ഈഞ്ചയ്ക്കലിലേക്ക് മാറ്റുകയായിരുന്നു.

വിവിധ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് സംഘം ചൊവ്വാഴ്ച ലോറി കണ്ടെത്തിയത്. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണെന്നും ലോറി ഉടമ മോഹനനെ വിളിപ്പിക്കുമെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം കാരക്കമണ്ഡപത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് എസ്.വി. പ്രദീപ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പ്രദീപിനെ അതേദിശയിൽ വന്ന ലോറി ഇടിച്ചിടുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്നതോടെ തിരുവനന്തപുരം ഫോർട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular