പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു

പെരിയ: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. കൊലപാതക ദൃശ്യം പുനരാവിഷ്‌കരിച്ചുകൊണ്ടാണ് അന്വേഷണത്തിന് തുടക്കം. രാവിലെ പെരിയ കല്യോട്ട് എത്തിയ സി.ബി.ഐ സംഘം നാട്ടുകാരുടെ സഹായത്തോടെ കൃപേഷും ശരത്ലാലും വെട്ടേറ്റുവീണ വഴിയിലാണ് ദൃശ്യങ്ങള്‍ പുനരാവിഷ്‌കരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും ബൈക്കില്‍ വരുന്ന സമയത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന എട്ടംഗ കൊലയാളി സംഘം ഇവരെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുന്ന ദൃശ്യമാണ് പുനരാവിഷ്‌കരിക്കുന്നത്. മഴുവും വടിവാളും കുറുവടികളുമായി ചാടിവീണ സംഘമായിരുന്നു ഇരുവരേയും വെട്ടിയത്. ഈ ദൃശ്യ പുനരാവിഷ്‌കരിക്കാന്‍ നാട്ടുകാരില്‍ നിന്ന് ‘എട്ട് പ്രതികളെയും’ സി.ബി.ഐ തിരഞ്ഞെടുത്തു. ഇവര്‍ക്ക് ‘അക്യൂസ്ഡ്’ എന്നെഴുതിയ മുഖംമൂടികളും നല്‍കിയാണ് കുറ്റിക്കാട്ടില്‍ നിര്‍ത്തിയത്. പ്രതീകാത്മകമായ വടിവാളുകളും കുറുവടികളും ഇവര്‍ക്ക് നല്‍കി.

കൃപേഷും ശരത്ലാലും വെട്ടേറ്റുവീണ റോഡില്‍ കോണ്‍ഗ്രസ് കൊടിമരം സ്ഥാപിച്ചിട്ടുണ്ട്. 2019 ഫെബ്രുവരി 19നായിരുന്നു ശരത് ലാലിനേയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്.
അതേസമയം, സി.ബി.ഐ അന്വേഷണത്തോട് സര്‍ക്കാര്‍ മുഖംതിരിച്ചുനില്‍ക്കുകയാണ്. സി.ബി.ഐയ്ക്ക് ക്യാംപ് ഓഫീസ് തുറക്കുന്നതിനോ വാഹന സൗകര്യമോ സര്‍ക്കാര്‍ നല്‍കുന്നില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7