സംസ്ഥാനത്ത് പരിശോധന നടത്തുന്നവരിൽ 15 ൽ ഒരാൾക്ക് കോവിഡ് കണ്ടെത്തുന്നുവെന്ന് കണക്കുകൾ. അവധി ദിവസങ്ങളുടെ ആലസ്യത്തിൽ പരിശോധനകളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഔദ്യോഗിക മരണസംഖ്യ മുന്നൂറ് കടന്നു.
രണ്ടു ശതമാനത്തിൽ നിന്ന് പോസിറ്റിവിറ്റി റേറ്റ് 7 ശതമാനം വരെ ഉയർന്നു. ജൂണിൽ പരിശോധന നടത്തുന്ന 42 ൽ ഒരാൾക്കും ജൂലൈയിൽ 20 ൽ ഒരാൾക്കും എന്ന കണക്കിലായിരുന്നു കോവിഡ് കണ്ടെത്തിയിരുന്നത്. ഇന്നലത്തെ കണക്കനുസരിച്ച് 15 ൽ ഒരാൾ പോസിറ്റീവ് എന്നു കണ്ടെത്തിയിട്ടുണ്ട്. 28 ന് പരിശോധനകളുടെ എണ്ണം 41000 കടന്നപ്പോൾ 2543 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് പരിശോധനകളുടെ എണ്ണം ദിവസവും കുറഞ്ഞ് ചൊവ്വാഴ്ച പതിനാലായിരമായി താഴ്ന്നു.
ഇന്നലെ ഇരുപത്തിമൂവായിരമായി ഉയർന്നിട്ടുണ്ട്. പരിശോധനകൾ കുറവെങ്കിലും രോഗബാധിതരുടെ എണ്ണം ആയിരത്തിനു മുകളിൽ തുടരുന്നു. ഔദ്യോഗിക മരണ സംഖ്യ 305 ആയി ഉയർന്നു. 55% മരണങ്ങൾ മാത്രമേ കണക്കിൽ ഉൾപ്പെടുത്തുന്നുള്ളുവെന്ന് ആരോഗ്യ വിദഗ്ധർ. കൂടുതൽ പരിശോധന നടത്തിയാലേ യഥാർഥ അവസ്ഥ തിരിച്ചറിയാനാകൂ എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഈ മാസം പകുതിയോടെ രോഗബാധ മൂർധന്യത്തിലെത്തുമെന്നാണ് കണക്കുകൂട്ടൽ. പക്ഷേ സാഹചര്യം വിലയിരുത്തുകയും പരിഹാരം നിർദേശിക്കുകയും ചെയ്യുന്ന ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് മൂന്നാഴ്ചയായി യോഗം ചേർന്നിട്ടില്ല. ഓണത്തിരക്കിനോട് അനുബന്ധിച്ച് രൂപപ്പെടാനിടയുള്ള പുതിയ ക്ളസ്റ്ററുകൾ നിയന്ത്രിക്കാനായാൽ മാസാവസാനത്തോടെ രോഗബാധാ നിരക്ക് കുറഞ്ഞു തുടങ്ങുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.