വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 4 പ്രധാന സംസ്ഥാനങ്ങളിലെ ഫലം അസാധുവാക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണയോടെ നല്‍കിയ കേസ് യുഎസ് സുപ്രീം കോടതി തള്ളി.
ടെക്‌സസ് സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ അറ്റോര്‍ണി ജനറലാണു ജോര്‍ജിയ, മിഷിഗന്‍, പെന്‍സില്‍വേനിയ, വിസ്‌കോന്‍സെന്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം അസാധുവാക്കാന്‍ ആവശ്യപ്പെട്ട് ഒരാഴ്ച മുന്‍പ് സുപ്രീം കോടതിയെ സമീപിച്ചത്.
ഈ 4 സംസ്ഥാനങ്ങളിലും നിയുക്ത പ്രസിഡന്റ് ജോ ബൈഡനാണു ജയിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 126 കോണ്‍ഗ്രസ് അംഗങ്ങളും 18 സംസ്ഥാനങ്ങളും കേസില്‍ കക്ഷി ചേര്‍ന്നു.
നിയമസാധുത ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണു ടെക്‌സസ് സംസ്ഥാനം ഫയല്‍ ചെയ്ത കേസ് കോടതി തള്ളിയത്. നവംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയം ചോദ്യം ചെയ്തു ട്രംപിന്റെ അനുയായികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നല്‍കിയ ഡസനിലേറെ കേസുകളും തള്ളിയിരുന്നു. കോടതി വിധിയെ വിമര്‍ശിച്ചു ട്രംപ് ട്വീറ്റ് ചെയ്തു.
അതിനിടെ, ജോ ബൈഡനെ യുഎസിന്റെ 46ാം പ്രസിഡന്റായി ഔദ്യോഗികമായി തിരഞ്ഞെടുക്കാന്‍ ഇലക്ടറല്‍ കോളജ് തിങ്കളാഴ്ച യോഗം ചേര്‍ന്നേക്കും.