ബുറേവി: തെക്കൻ കേരളത്തിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിന്‍വലിച്ചു

ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ തെക്കൻ കേരളത്തിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിന്‍വലിച്ചു. പത്ത് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആയിരിക്കും. ബുറേവിയുടെ തീവ്രത കുറഞ്ഞതോടെയാണ് ജാഗ്രത നിര്‍ദേശത്തിലെ മാറ്റം. നിലവിൽ മാനാർ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമർദ്ദമായി മാറിയെന്നും ഇന്ന് അർധരാത്രിയോടെ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു.

ചുഴലിക്കാറ്റ് ഭീതിയിൽ നിൽക്കുന്ന തെക്കൻ കേരളത്തിന് ആശ്വാസം നൽകുന്നതാണ് ചുഴലിക്കാറ്റിനെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ. ഇന്ന് അർധരാത്രിയ്ക്കോ അല്ലെങ്കിൽ നാളെ പുലർച്ചെയ്ക്കോ ആയി ബുറെവി ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ തൂത്തുക്കുടിക്കും രാമനാഥപുരത്തിനും മധ്യേ ഇന്ത്യയിലേക്ക് പ്രവേശിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ പ്രവചിക്കപ്പെട്ടതിലും കുറഞ്ഞ കരുത്തോടെയാണ് കാറ്റ് കര തൊടുന്നത്.

തമിഴ്നാട്ടിലൂടെ നീങ്ങുന്ന കാറ്റ് കേരളത്തിലേക്ക് എത്തും മുൻപ് വീണ്ടും ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ ഏറ്റവും പുതിയ പ്രവചനം. മണിക്കൂറിൽ 40 കിമീ വേഗതയിലാണ് തീവ്രന്യൂനമർദ്ദമായി മാറിയ ബുറെവി കേരളത്തിലേക്ക് എത്തുകയെന്നാണ് ഇപ്പോൾ കരുതുന്നത്. അതിനോടകം ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. കേരളത്തിൽ പൊൻമുടി – വർക്കല -ആറ്റിങ്ങൽ മേഖലയിലൂടെയാണ് കാറ്റിൻ്റെ സഞ്ചാരപഥം ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട കാറ്റ് ശ്രീലങ്കയിൽ വച്ച് കര തൊട്ടിരുന്നു. ശ്രീലങ്കയെ കുറുകെ കടന്ന് പോയ ചുഴലിക്കാറ്റ് അവിടെ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടില്ല.

ബുറേവി ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച (ഡിസംബർ 4) സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള ഓഫീസുകൾക്കാണ് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

Similar Articles

Comments

Advertismentspot_img

Most Popular