കിഫ്ബിയുടെ മസാല ബോണ്ടിനെ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധന സെക്രട്ടറി ആയിരുന്ന മനോജ് ജോഷിയും എതിർത്തിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു.
2018 ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന 34-ാം ജനറൽ ബോഡി യോഗത്തിലാണ് 14-ാം അജൻഡയായി മസാല ബോണ്ട് ഉണ്ടായിരുന്നത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ഇറക്കി ധനം സമാഹരിക്കാൻ കിഫ്ബി സി.ഇ.ഒ. ബോർഡിന്റെ അനുമതി തേടുകയുമായിരുന്നു.
രാജ്യത്തിനകത്ത് കുറഞ്ഞ പലിശയ്ക്ക് ബോണ്ട് ഇറക്കി പണം സമാഹരിക്കാൻ സാധിക്കുമെന്നിരിക്കെ എന്തിന് കൂടിയ പലിശയ്ക്ക് മസാല ബോണ്ട് ഇറക്കണമെന്നായിരുന്നു മനോജ് ജോഷി യോഗത്തിൽ ആരാഞ്ഞത്. പൊതുവേ വിദേശ വിപണിയിൽ പലിശ കുറഞ്ഞുനിൽക്കുമ്പോൾ എന്തുകൊണ്ട് മസാല ബോണ്ടിന്റെ പലിശ നിരക്ക് ഉയർന്നിരിക്കുന്നു എന്നായിരുന്നു ടോം ജോസ് യോഗത്തിൽ ആരാഞ്ഞത്.
നാണയ വിനിമയ നിരക്കിന്റെ പഴയ ഡേറ്റ പരിശോധിച്ചാൽ മെച്ചപ്പെട്ട പലിശ നിരക്കുകൾ ലഭിക്കുമോ എന്ന് അറിയാൻ സാധിക്കുമെന്നും ടോം ജോസ് പറഞ്ഞു.